മദ്യവിരോധവും വീഞ്ഞിന്റെ ദൈവശാസ്ത്രവും

Posted on: September 5, 2014 12:35 am | Last updated: September 5, 2014 at 12:36 am
SHARE

liquor‘ആരെതിര്‍ത്താലും വിശുദ്ധ ബലിക്ക് വീഞ്ഞ് നിര്‍മിക്കും; ലോകാവസാനം വരെ ഇത് തുടരും’ ഇങ്ങനെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോടുള്ള പ്രതികരണം എന്ന നിലയില്‍ വാരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ വാര്‍ത്താസമ്മേളനം നടത്തി വെല്ലുവിളി നടത്തിയത്. അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പിന്റെ വൈകാരിക പ്രതികരണം ഇങ്ങനെ തുടരുന്നു: ‘പരിശുദ്ധ കുര്‍ബ്ബാന ബലിയാണ്. ബലിയര്‍പ്പണത്തിന് അപ്പവും വീഞ്ഞും അത്യന്താപേക്ഷിതമാണ്. വിശ്വാസികള്‍ക്കു വീഞ്ഞ് നല്‍കുന്നത് (വിശ്വാസികള്‍ക്ക് വേണ്ടി വൈദികര്‍ മാത്രം വീഞ്ഞ് കുടിക്കുകയും വിശ്വാസികള്‍ വെറും അപ്പം മാത്രം തിന്നു ദൈവകൃപ പ്രാപിക്കുകയും വേണമെന്നാണ് കേരളത്തിലെ മിക്ക പാരമ്പര്യ സഭകളിലും ഇന്ന് നിലനില്‍ക്കുന്ന ഏര്‍പ്പാട്) ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണ്. വീഞ്ഞും മദ്യവും രണ്ടാണ്. വീഞ്ഞ് വേണ്ടെന്നാരു പറഞ്ഞാലും സമ്മതിക്കില്ല’ എന്നൊക്കെ അങ്ങ് തീര്‍ത്തു പറയാനുള്ള അവകാശം ഈ ആര്‍ച്ച് ബിഷപ്പിന് ആര് എവിടെ നിന്നു നല്‍കി? ഒരു പുരോഗമന ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ ഇങ്ങനെയൊക്കെ പറയാനുള്ള അവകാശം ഒരു ആര്‍ച്ച് ബിഷപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത് അല്‍പ്പം കടന്ന കൈയായിപ്പോയി.
വീഞ്ഞ് മദ്യമല്ലെന്നും വീഞ്ഞ് കുടിക്കല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നും അപ്പവും വീഞ്ഞും കൂടാതെ ബലിയര്‍പ്പണം സാധ്യമല്ലെന്നും ഒക്കെയുള്ള ആര്‍ച്ച് ബിഷപ്പിന്റെ വാദങ്ങള്‍ക്കു ദൈവശാസ്ത്രപരമായ യാതൊരടിസ്ഥാനവും ഇല്ല. ഇനി മേല്‍ ഫൈവ് സ്റ്റാര്‍ മദ്യപാനത്തിനുള്ള സാമ്പത്തിക ശേഷിയില്ലാത്തവര്‍ മദ്യമേ കഴിക്കേണ്ടെന്ന് ഒരു സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ അത് മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമാണെങ്കില്‍ അതുപോലെ തന്നെ വീഞ്ഞ് മദ്യമാണെന്നും ഇനിമേല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ വീഞ്ഞ് ഉപയോഗിച്ചുള്ള ബലിയര്‍പ്പണം വേണ്ടെന്നും വെള്ളാപ്പള്ളി നടേശനെ പോലൊരാള്‍ നേതൃത്വം നല്‍കുന്നതോ അഥവാ അദ്ദേഹത്തിനു ഗണ്യമായ സ്വാധീനമുള്ളതോ ആയ ഒരു സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ അത് തലകുമ്പിട്ട് അനുസരിക്കുകയല്ലാതെ അത് ലംഘിക്കാനുള്ള യാതൊരവകാശവും ഒരു കല്ലറയ്ക്കല്‍ പിതാവിനും ഒരു തേലക്കാട്ടച്ചനും നമ്മുടെ ഭരണഘടന അനുവദിക്കുകയില്ല.
ഏദന്‍ തോട്ടത്തിന്റെ വിഭവ സമൃദ്ധിയിലേക്കു ദൈവം സൃഷ്ടിച്ചയച്ച ആദാമിനോടും ഹവ്വായോടും ദൈവം പറഞ്ഞു: തോട്ടത്തിന്റെ നടുക്കു നില്‍ക്കുന്ന മരത്തിന്റെ ഫലം മാത്രം ഭക്ഷിക്കരുത്. ഏറെ വൈകാതെ ആദി മാതാപിതാക്കള്‍ ആ കനി ഭക്ഷിച്ചു. തോട്ടത്തില്‍ നിന്നു പുറത്തായി. ഇത് വേദ പാഠം. ഇത് കുട്ടികള്‍ക്കു പറഞ്ഞുകൊടുത്ത ആ അധ്യാപകന്‍ അടുത്ത ക്ലാസില്‍ കുട്ടികളോടു ചോദിച്ചു: ‘എന്തുകൊണ്ടാണ് അവര്‍ ദൈവം വിലക്കിയ ഫലം തിന്നത്?’ ഒരു വിദ്വാന്‍ ഉടനെ മറുപടി പറഞ്ഞു: ‘ദൈവം അത് തിന്നരുതെന്ന് പറഞ്ഞതു കൊണ്ട്.’ അല്‍പ്പം ആലോചിച്ചപ്പോള്‍ അധ്യാപകന് തോന്നി ഉത്തരം ശരിയായി എന്ന്. എത്രയധികം കല്‍പ്പനകള്‍ ഉണ്ടാകുന്നുവോ അത്രയധികം കല്‍പ്പനാലംഘനങ്ങളും ഉണ്ടാകുന്നു. നിങ്ങളുടെ ചെറിയ കുട്ടിയുടെ വശം എന്തെങ്കിലും പൊതിക്കെട്ട് കൊടുത്തിട്ട് നീ ഇതു തുറന്നുനോക്കാതെ സൂക്ഷിച്ചു വെക്കണം എന്നൊന്നു പറഞ്ഞുനോക്കൂ. തീര്‍ച്ചയായും കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ കുട്ടി പൊതിക്കെട്ടഴിച്ചു പരിശോധിച്ചിരിക്കും.
മദ്യത്തിനും ലഹരി പദാര്‍ഥങ്ങള്‍ക്കും എതിരായ ബോധവത്കരണം ഇപ്പോള്‍ മേല്‍പ്പറഞ്ഞ തരത്തിലാണ് പുരോഗമിക്കുന്നത്. ബോധവത്കരണത്തിന്റെ മൊത്തമായും ചില്ലറയായുമുള്ള വിപണനം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ടി വി ചാനലുകളാണല്ലോ. അന്തി ചര്‍ച്ചകള്‍ക്ക് മറ്റു വിഷയങ്ങളൊന്നും കിട്ടാതെ വരുമ്പോള്‍ നിറമുള്ള മദ്യക്കുപ്പികളുടെയും ലക്കുകെട്ട് മദ്യപിച്ച് ബഹളം കൂട്ടുന്ന ബിവറേജ് ഔട്ട്‌ലൈറ്റുകളെന്ന അഭിനവ കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ പന്നികളെപ്പോലെ ക്യൂ നില്‍ക്കുന്ന മലയാളികളുടെയും ഒക്കെ തത്സമയ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ട് മദ്യപന്മാര്‍ക്കും മദ്യവിരോധികള്‍ക്കും ഒരേ സമയം ലഹരി പകരുന്ന ചര്‍ച്ചകള്‍ എന്ന ചര്‍വിതചര്‍വണം നടത്തുന്ന പരിപാടി ഇപ്പോഴും തുടരുന്നു.
എന്താണീ ബോധവത്കരണം? പണ്ട് പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ കുട്ടികളെ കൊണ്ട് തെറ്റിപ്പോയ വാക്കുകള്‍ നൂറാവര്‍ത്തി ശരിക്കും എഴുതിക്കാണിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇംപൊസിഷന്‍ എഴുതിക്കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. പഠിപ്പിക്കുന്ന കാര്യത്തില്‍ അലസന്മാരായ അധ്യാപകര്‍ക്കു സമയം കളയാനോ തലേ രാത്രിയിലെ ഉറക്കം ബാക്കി പൂര്‍ത്തിയാക്കാനോ ഒക്കെ കുട്ടികള്‍ ഇംപോസിഷന്‍ എഴുതി തളരുന്ന ഈ സമയം സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. ഇത്തരം ചില ദുഷ്ടലാക്കുകള്‍ അല്ലേ ഇപ്പോഴത്തെ ഈ മദ്യവിരുദ്ധ മന്ത്രവാദത്തിലുള്ളതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ മറ്റെല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകഴിഞ്ഞിരിക്കുന്നു; ഇനി ബാക്കിയുള്ള ഒരേ ഒരു കാര്യം മദ്യം മാത്രമാണ് എന്ന പ്രതീതി ഉളവാക്കുക.
കേരളത്തില്‍ നടക്കുന്ന മദ്യവിരുദ്ധ പ്രചാരണം കണ്ടാല്‍ കേരളം ഈ ഇന്ത്യയുടെ ഭാഗമല്ലെന്നു പോലും തോന്നിപ്പോകുന്നു. തൊട്ടടുത്തുകിടക്കുന്ന കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഒന്നും ദൈവകൃപയാല്‍ ഈ ക്രിസ്ത്യന്‍ പാതിരിമാരുടെ ഇടപെടല്‍ കൂടാതെ തന്നെ സാമാന്യം ഭേദപ്പെട്ട ഒരു മദ്യപാനശീലം അവിടുത്തെ ജനങ്ങള്‍ ആര്‍ജിച്ചിരിക്കുന്നതായി കാണാം. അവര്‍ കഴിക്കുന്ന അതേ മദ്യം കഴിക്കുന്ന കേരളത്തിലെ കുടിയന്‍മാര്‍ മാത്രം ഇങ്ങനെ നാല് കാലേല്‍ നടക്കുന്നതും സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നതും ഒക്കെ എന്തുകൊണ്ടെന്ന് ആരും അന്വേഷിക്കുന്നില്ല. ദയവു ചെയ്ത് ഈ കേരളത്തെ ആരും ദൈവത്തിന്റെ സ്വന്തം നാടെന്നൊന്നും വിളിച്ചേക്കരുതേ, സാക്ഷര കേരളം പോലും. ഇത് സാക്ഷര കേരളമല്ല രാക്ഷസ കേരളമാണ്. ഇവിടെ ചികിത്സിക്കേണ്ടത് മലയാളത്തിലെ മദ്യക്കുപ്പികളെയല്ല. പിന്നെയോ, മലയാളിയുടെ വിവരക്കേടിനെയാണ്.
കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കുര്‍ബ്ബാന അര്‍പ്പണത്തിന് വീഞ്ഞ് ഒരനിവാര്യ വസ്തുവല്ലെന്ന് സമര്‍ഥിച്ചുകൊണ്ട് അന്തരിച്ച ഫാദര്‍ വടക്കന്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കപ്പ പുഴുങ്ങിയതും കരിക്കിന്‍ വെള്ളവും കാഴ്ചവസ്തുക്കളാക്കിക്കൊണ്ട് ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികളെ സാക്ഷികളാക്കി ഒരു കുര്‍ബ്ബാനയര്‍പ്പണം നടത്തിയതുമൊക്കെ അദ്ദേഹത്തിന്റെ ‘കുതിപ്പും എന്റെ കിതപ്പും’ എന്ന ആത്മകഥാ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
സകലഭാഷാ നിഘണ്ടുക്കളും ലഹരി പദാര്‍ഥങ്ങളുടെ പട്ടികയിലാണ് വീഞ്ഞിനെ പെടുത്തിയിരിക്കുന്നത്; മുന്തിരിച്ചാറ് ലഹരി പകരുന്ന ദ്രാക്ഷരസം. ബൈബിളിന്റെ മൂലഭാഷയായ ഹീബ്രുവില്‍ ‘യെയാന്‍’ എന്ന് വീഞ്ഞിനെയും ‘സെക്കര്‍’ എന്ന് മദ്യത്തെയും വ്യവഹരിച്ചിരിക്കുന്നു. ലഹരി കുറഞ്ഞ വീഞ്ഞും ലഹരി കൂടിയ വീഞ്ഞും ഉണ്ട്. പുതു വീഞ്ഞിന് ലഹരി കൂടും. എന്തുതന്നെ ആയാലും വീഞ്ഞ് കുടിക്കുന്നത് ലഹരിയാസ്വദിക്കുന്നതിന് വേണ്ടി ആയിരുന്നു. അല്ലാതെ ദാഹശമനി ആയിട്ടോ പോഷക പദാര്‍ഥമായിട്ടോ അല്ല. അത്തരം ആവശ്യങ്ങള്‍ക്ക് പാല്‍, തേന്‍, മറ്റു പഴച്ചാറുകള്‍ ഇവയൊക്കെയാണ് യഹൂദന്മാര്‍ ഉപയോഗിച്ചിരുന്നതെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
യേശുവും ശിഷ്യന്മാരും ജീവിച്ചിരുന്ന യഹൂദ സമൂഹം പൊതുവെ ലഹരിപ്രിയരായിരുന്നെങ്കിലും കേരളീയ സമൂഹത്തിലെ പോലെ ഏതതിക്രമത്തിന്റെയും ഉത്തരവാദിത്വം മദ്യക്കുപ്പികള്‍ക്കു മേല്‍ പഴിചാരി സ്വയം ഒളിച്ചോടുന്ന പ്രവണതക്കു അടിമപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ മദ്യപാനത്തിനെതിരെ കാര്യമായ ബോധവത്കരണം ഒന്നും നടത്തേണ്ടിവന്നില്ല. എങ്കിലും ഈ കാര്യത്തില്‍ ചില നിയന്ത്രണങ്ങളൊക്കെ ആ സമൂഹത്തില്‍ ഉണ്ടായിരുന്നു. പുരോഹിതന്മാര്‍, നാസിര്‍ വ്രതക്കാര്‍ തുടങ്ങിയവര്‍ക്ക് മദ്യം നിഷിദ്ധവസ്തുവായിരുന്നു. ശലോമോനും സെന്റ് പോളും ഒക്കെ വീഞ്ഞുപയോഗത്തെക്കുറിച്ച് പല മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മദ്യപാനം അതില്‍ തന്നെ തെറ്റല്ലെങ്കിലും അതു തെറ്റിലേക്കു നയിച്ചേക്കാവുന്ന ഒരു ദുശ്ശീലം എന്ന നിലയില്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്.
പള്ളികളിലെ വീഞ്ഞുപയോഗം വൈദികരെയും അള്‍ത്താര ബാലന്മാരെയും പില്‍ക്കാലത്തു മദ്യപാനത്തിലേക്കു വഴിതിരിച്ചു വിടുന്നതായി പല പഠനങ്ങളും തെളിയിക്കുന്നുണ്ട്. പാശ്ചാത്യ വൈദിക സെമിനാരികളില്‍ നിന്നു പഠിച്ചിറങ്ങി കേരളത്തില്‍ മിഷനറി പ്രവര്‍ത്തനത്തിനെത്തിയ ജസ്യൂട്ട് വൈദികരുടെ വഴിവിട്ടുള്ള ചാരായ സേവയെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണഗ്രന്ഥം ആയ വര്‍ത്തമാനപുസ്തകത്തില്‍ പാറമ്മാക്കല്‍ തോമ്മക്കത്തനാര്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പോര്‍ച്ചുഗീസുകാരുടെ വരവിന് മുമ്പ് കേരള നസ്രാണികള്‍ താമരയിലയില്‍ പുളിപ്പു ചേര്‍ക്കാതെ പുഴുങ്ങിയെടുത്ത അപ്പവും അരിമാവ് കുറുക്കി മധുരം ചേര്‍ത്തുണ്ടാക്കിയ ഒരു പ്രത്യേക തരം പാലും വെച്ച് കുര്‍ബ്ബാനയര്‍പ്പണം നടത്തിയിരുന്നതായി ഓശാന പത്രാധിപര്‍ ജോസഫ് പുലിക്കുന്നേല്‍ മാര്‍ത്തോമ്മ ക്രിസ്ത്യാനികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ അനുസ്മരണം എന്ന നിലയില്‍ ഇപ്പോഴും കേരളത്തിലെ സീറോ മലബാര്‍ റോമന്‍ കത്തോലിക്കര്‍ ആണ്ട് തോറും പെസഹ വ്യാഴാഴ്ച സന്ധ്യക്ക് വീടുകളില്‍ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങ് ഭക്ത്യാദരപൂര്‍വം നടത്തിവരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ പള്ളികളിലെ വീഞ്ഞുപയോഗത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശം ഗൗരവമായ പരിഗണന അര്‍ഹിക്കുന്നു. മാര്‍ത്തോമ്മാ സഭയുടെ വല്യ മെത്രാപ്പോലീത്താ മാര്‍ ക്രിസോസ്റ്റം ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നു. ആ നിലക്ക് ഇനി നമുക്കു മദ്യത്തെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിച്ച് വീഞ്ഞിന്റെ ദൈവശാസ്ത്രത്തെ കുറിച്ചെല്ലാം ചര്‍ച്ചയാകാം.