Connect with us

Kozhikode

'കേരഫെഡിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം'

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരഫെഡില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് കേരാഫെഡ് സ്റ്റാഫ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരഫെഡിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ട മാനേജിംഗ് ഡയറക്ടറും ഡയറക്ടറുമാണ് ഇതിനു പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപ നല്‍കി മെഷിനറികള്‍ വാങ്ങി രണ്ടു ഫാക്ടറികളിലും സ്ഥാപിച്ചതില്‍ അഴിമതിയുണ്ട്. കോഴിക്കോട്ടും കരുനാഗപ്പള്ളിയിലും അഞ്ചു കോടി രൂപ നല്‍കിയാണ് ഗുണനിലവാരമില്ലാത്ത മെഷിനറികള്‍ വാങ്ങി സ്ഥാപിച്ചത്. ഇതിന്റെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. കേരഫെഡില്‍ 963 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. ഒഴിവുള്ള തസ്തികകകളില്‍ പി എസ് സി മുഖാന്തരം മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂ എന്നിരിക്കെ ഓരോരുത്തരെയും മൂന്നു മുതല്‍ ആറുലക്ഷം രൂപ വരെ വാങ്ങിയാണ് നിയമിച്ചിരിക്കുന്നത്. പിന്‍വാതിലിലൂടെ നിയമിച്ചവരെ പിരിച്ചു വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒരു സംഭരണവും നടത്താതെ കൃഷിഭവനുകളില്‍ ഇരിക്കുന്ന ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു കോടി രൂപയോളമാണ് ശമ്പളമായി നല്‍കുന്നത്. സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിപരീതമായി പുതിയ തസ്തികകള്‍ സൃഷ്ടിച്ചാണ് ഡയറക്ടര്‍ ജോലി നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.