Connect with us

Kozhikode

തീവണ്ടി യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ 'കിവീസി'ന്റെ കൂട്ടായ്മ

Published

|

Last Updated

കോഴിക്കോട്: പൊതുശുചിത്വത്തിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും തീവണ്ടി യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ശുചീകരണ പ്രവൃത്തിയുമായി ഒരുകൂട്ടം യുവാക്കള്‍. “ശുചിത്വ റെയില്‍വെ, സുന്ദരയാത്ര” എന്ന മുദ്രാവാക്യവുമായി തലശ്ശേരി കിവീസ് കൂട്ടായ്മയിലെ 55 ഓളം യുവതീ യുവാക്കളാണ് സേവന മാര്‍ഗത്തില്‍ റെയില്‍വേയുടെ അനാസ്ഥക്കെതിരെ പ്രതികരിച്ചത്. തീവണ്ടികളില്‍ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുക, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക എന്നീ മുഖ്യ ആവശ്യങ്ങളുന്നയിച്ചാണ് കിവീസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക ശുചീകരണ സമരം സംഘടിപ്പിച്ചത്.
പ്രത്യേകം തയ്യാറാക്കിയ വസ്ത്രം ധരിച്ച് രാവിലെ മുതല്‍ തന്നെ ട്രെയിനുകളുടെ കമ്പാര്‍ട്ട്‌മെന്റുകളും ബാത്ത്‌റൂമുകളുമെല്ലാം ഇവര്‍ വൃത്തിയാക്കുകയായിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ചില യാത്രക്കാരും ഒപ്പം കൂടി. മംഗലാപുരം മുതല്‍ കോഴിക്കോട് വരെ യാത്ര നടത്തിയ സംഘം പരശുറാം എക്‌സ്പ്രസിലെ മുഴുവന്‍ ശുചിമുറികളും കമ്പാര്‍ട്ടുമെന്റുകളും ശുചീകരിച്ചു. തിരികെ കോഴിക്കോട് മുതല്‍ തലശ്ശേരി വരെയുള്ള യാത്രയില്‍ കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസും ശുചീകരിച്ചു.
കോടിക്കണക്കിന് യാത്രക്കാര്‍ തുടരുന്ന ദുരിതയാത്രക്ക് അറുതി വരുത്താനുള്ള ശ്രമങ്ങളുടെ തുടക്കമാണ് കിവീസ് പ്രവര്‍ത്തകര്‍ നടത്തിയതെന്ന് ക്ലബ്ബ് രക്ഷാധികാരി സി ഒ ടി യൂനുസ് പറഞ്ഞു. കിവീസ് ക്ലബ്ബ് മുതിര്‍ന്ന അംഗങ്ങളായ നസീര്‍ മംഗലാപുരത്തും സനീം മുഹമ്മദ് ഹാഷിം പയ്യന്നൂരിലും ഷംനാദ് ആല്യമ്പത്ത് തലശ്ശേരിയിലും ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഓടുന്ന വണ്ടിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കിവീസ് പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം, ഒപ്പുശേഖരണം, ബോധവത്കരണ പരിപാടികള്‍ എന്നിവയും നടത്തി. അശ്വിന്‍, മുഹമ്മദ് നിഷാല്‍, മിഥുന്‍, റിസ്‌വാന്‍, ഡെസ്‌മെണ്ട്, മുഹമ്മദ് ഷുഹൈബ്, അഫ്‌നാസ് നേതൃത്വം നല്‍കി.

Latest