എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്: അഞ്ചിന് തിരശ്ശീല ഉയരും

Posted on: September 3, 2014 12:03 am | Last updated: September 4, 2014 at 8:34 am
SHARE

ssf flagകാസര്‍കോട്: എസ് എസ് എഫ് ഇരുപത്തിയൊന്നാമത് സംസ്ഥാന സാഹിത്യോത്സവിന് അഞ്ചിന് മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ തിരശ്ശീല ഉയരുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സപ്തഭാഷാ സംഗമം തീര്‍ത്ത് ഇശല്‍ മൂളുന്ന തുളുനാടന്‍ മണ്ണില്‍ രാജ്യത്തെ ഏറ്റവും ബൃഹത്തായ ധാര്‍മിക കലാ മാമാങ്കത്തിന് അതിവിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് വേദികളിലായി നടക്കുന്ന 79 മത്സര ഇനങ്ങളില്‍ 1500ലേറെ മത്സരാര്‍ഥികള്‍ മാറ്റുരക്കും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും നീലഗിരി ഭാഗങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികളും പതിനായിരത്തോളം സ്ഥിരം ആസ്വാദകരും സാഹിത്യോത്സവിന് കൊഴുപ്പേകും.
അഞ്ചിന് ഉച്ചക്ക് 2.30ന് സ്വാഗതസംഘം ചെയര്‍മാനും മള്ഹര്‍ സാരഥിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക ഉയര്‍ത്തുന്നതോടെ സാഹിത്യോത്സവിന് ഔപചാരിക തുടക്കം കുറിക്കും. മൂന്ന് മണിക്ക് ഹൊസങ്കടിയില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. വിവിധ ജില്ലാ ഘടകങ്ങള്‍ അവതരിപ്പിക്കുന്ന പ്ലോട്ട്, ദഫ്, അറബന തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകും. 4.30ന് ഉദ്ഘാടന സെഷന്‍ ആരംഭിക്കും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ കുറാ പ്രാര്‍ഥന നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തോപ്പില്‍ മീരാന് ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. വൈകിട്ട് 5.30 മുതല്‍ രാത്രി 10 മണി വരെയും ആറിന് രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് മണി വരെയും വിവിധ കലാമത്സരങ്ങള്‍ നടക്കും.
നാല് മണിക്ക് സമാപന സംഗമവും സമ്മാന ദാനവും നടക്കും. സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമാ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമാപന സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അലികുഞ്ഞി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കലാ സാഹിത്യ രംഗത്ത് ധാര്‍മികതക്ക് ഊന്നല്‍ നല്‍കുകയും അന്യം നിന്നു പോകുന്ന തനത് കലകളെ പ്രോത്സാഹിപ്പിക്കുകയുമാണ് സാഹിത്യോത്സവിന്റെ ലക്ഷ്യം. ആറായിരത്തിലധികം യൂനിറ്റുകളില്‍ നിന്ന് മത്സരിച്ച് കഴിവ് തെളിയിച്ചാണ് സെക്ടറിലേക്ക് യോഗ്യത നേടുന്നത്. പിന്നീട് ഡിവിഷന്‍, ജില്ലാ മത്സരങ്ങളിലൂടെ ഫൈനല്‍ മത്സരത്തിനായി സംസ്ഥാന സാഹിത്യോത്സവിന് അര്‍ഹത നേടി.
ക്യാമ്പസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ ഒരുക്കുന്നുണ്ട്. വിവിധ ഭാഷാ പ്രസംഗങ്ങളും എഴുത്ത് മത്സരങ്ങളും ഭാവി സാഹിത്യകാരന്മാരെയും പ്രഭാഷകരെയും കണ്ടെത്തുന്നതിന് സഹായകമാണ്. പ്രതിഭകള്‍ക്ക് തുടര്‍ പരിശീലനം നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയെന്നത് സാഹിത്യോത്സവിന്റെ പ്രത്യേകതയാണ്. നേരത്തെ 1997 ല്‍ തൃക്കരിപ്പൂര്‍ മുജമ്മഇലും 2006 ല്‍ സഅദിയ്യയിലും നേരത്തെ രണ്ട് തവണ ജില്ല, സംസ്ഥാന സാഹിത്യോത്സവിന് ആതിഥ്യമരുളിയിട്ടുണ്ട്.