ദുബൈ കനാല്‍ പദ്ധതി: ശൈഖ് സായിദ് റോഡിലെ ദിശ മാറ്റം പുരോഗമിക്കുന്നു

Posted on: September 2, 2014 6:17 pm | Last updated: September 2, 2014 at 6:17 pm
SHARE

2224224314ദുബൈ: നഗരത്തിന്റെ സ്വപ്‌ന പദ്ധതിയായ ദുബൈ വാട്ടര്‍ കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ശൈഖ് സായിദ് റോഡിലെ ദിശമാറ്റല്‍ പ്രവര്‍ത്തി പുരോഗമിക്കുന്നു. ഇതുവരെ 25 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ആര്‍ ടി എ അധികൃതര്‍ വ്യക്തമാക്കി. അല്‍ സഫ പാര്‍ക്കിന് സമീപത്താണ് റോഡിന്റെ ദിശ മാറ്റല്‍ ജോലികള്‍ പുരോഗമിക്കുന്നത്. ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒക്‌ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാവും.

പ്രതീക്ഷിച്ച വേഗത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നതെന്ന് ആര്‍ ടി എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈത്ത ഒബൈദ് ബിന്‍ അദിയ്യ് വ്യക്തമാക്കി. അധികം വൈകാതെ കനാലിന്റെ ഭാഗമായുള്ള ദുബൈ ദിശയിലുള്ള വടക്കന്‍ ദിശയിലെ പാലത്തിന്റെ പണി ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കനാല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്നു വന്ന സഫ പാര്‍ക്ക് മേഖലയിലെ വിഭജനം ഒരാഴ്ച മുമ്പ് പുര്‍ത്തിയായിരുന്നു. സഫ പാര്‍ക്കിന്റെ നല്ലൊരു ഭാഗം ഇതോടെ വെള്ളത്തിനടിയിലായി. 734 കോടി ദിര്‍ഹത്തിന്റെ പദ്ധതിയുടെ ആദ്യ ഭാഗമായാണ് സഫ പാര്‍ക്കിന് സമീപം ചാലു കീറി കനാല്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. ആഴ്ചകള്‍ക്കകമാണ് ഇവിടെ പ്രവര്‍ത്തികള്‍ ആരംഭിച്ചതും പൂര്‍ത്തിയാക്കിയതും.
1975ലാണ് സഫ പാര്‍ക്ക് സ്ഥാപിച്ചത്. മൂന്നു തടാകങ്ങള്‍ ഉള്‍പ്പെട്ട പാര്‍ക്കിന് 64 ഹെക്ടറായിരുന്നു വിസ്തൃതി. 16,924 വൈവിധ്യമാര്‍ന്ന മരങ്ങളും ചെടികളും ഇതിനകത്തുണ്ടായിരുന്നു. കനാലിന്റെ കവാടത്തില്‍ പുതിയ ട്രേഡ് സെന്ററും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ദുബൈയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കനാല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ബര്‍ദുബൈ മേഖല ദീപായി രൂപാന്തരപ്പെടും.
മൂന്നു ഘട്ടങ്ങളായാണ് ദുബൈ കനാല്‍ പദ്ധതി പൂര്‍ത്തീകരിക്കുക. പദ്ധതിക്കായി 170 കോടി ദിര്‍ഹത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പുതിയ ഒരു ഷോപ്പിംഗ് സെന്ററും നാലു ഹോട്ടലുകളും 450 റെസ്‌റ്റോറന്റുകളും ആഡംബര വീടുകളും സൈക്കിള്‍ സവാരിക്കുള്ള പാതയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതു ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒപ്പം സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാനുമായി പദ്ധതിയുടെ ഭാഗമായി 80,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മാറ്റിവെച്ചിരിക്കുന്നത്. മുഖ്യ പ്രവര്‍ത്തികളായ ശൈഖ് സായിദ് റോഡില്‍ കനാലിന് കുറുകെ പാലം നിര്‍മിക്കല്‍ ഉള്‍പ്പെടെയുള്ളവ ആദ്യ ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.