Connect with us

Malappuram

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം എം എല്‍ എ വീണ്ടും അധ്യാപകനായി

Published

|

Last Updated

തവനൂര്‍: നിയോജക മണ്ഡലത്തില്‍ പുതുതായി ആരംഭിച്ച തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ബി എ ഇംഗ്ലീഷ് ക്ലാസില്‍ ആദ്യദിനം അധ്യാപകനായി സ്ഥലം എം എല്‍ എ ഡോ. കെ ടി ജലീല്‍. ബി എ ഇംഗ്ലീഷിന്റെ സബ്‌സിഡിയറി പേപ്പറായ ഹിസ്റ്ററി ക്ലാസെടുത്താണ് എം എല്‍ എ കോഴ്‌സ് ഉദ്ഘാടനം ചെയ്തത്.
എട്ട് വര്‍ഷമായി അവധിയെടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന എം എല്‍ എ അധ്യാപകനായി എത്തിയത് വിദ്യാര്‍ഥികളും അധ്യാപകരും കൗതുകത്തോടെയാണ് വീക്ഷിച്ചത്. രാഷ്ട്രീയക്കാരില്‍ നിന്ന് രാഷ്ട്രീയ പ്രസംഗം മാത്രം കേട്ടു ശീലിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൗഢമായ ചരിത്ര ക്ലാസ് വേറിട്ട അനുഭവമായി. ജൂലൈ 18ന് സര്‍ക്കാര്‍ ഉത്തരവിറങ്ങി ദ്രുതഗതിയിലാണ് കോളജ് സാക്ഷാത്കരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കണ്ടെത്തി ഉദാരമതികളുടെ സഹായത്തോടെയാണ് ക്ലാസുകളിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി അംഗീകാരം ലഭിച്ച് ആഴ്ചകള്‍ക്കകം തന്നെ അപേക്ഷ ക്ഷണിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞത് നേട്ടമായി. ബി കോം ക്ലാസ് നാളെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൊമേഴ്‌സ് വിഭാഗം മേധാവി ഡോ.മനോഹറും സോഷ്യോളജി ക്ലാസ് ഈ മാസം അഞ്ചിന് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങളും ഉദ്ഘാടനം ചെയ്യും.