Connect with us

Thrissur

കാഴ്ച വസ്തുവായി ദേശീയ പാതയിലെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡ്‌

Published

|

Last Updated

ചാലക്കുടി: ചാലക്കുടി പാലത്തിന് സമീപം ദേശീയ പാതയിലെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ ഡിസ്‌പ്ലേകള്‍ ഇല്ലാതെ കാഴ്ചവ സ്തുക്കളാകുന്നു. ബോര്‍ഡുകള്‍ ഒന്നുപോലും പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഇവ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
ദേശീയപാതയില്‍തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് അപകട സൂചിക നല്‍കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതുപ്രകാരം ചാലക്കുടിപ്പാലത്തിനരികിലും ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ കാലങ്ങളായി ഈ ബോര്‍ഡിന്റേയും അവസ്ഥ ഇങ്ങനെയാണ്. ലക്ഷങ്ങള്‍ മുടക്കി ഇവ സ്ഥാപിക്കാന്‍ അധികൃതര്‍ കാണിച്ച തത്പര്യം പക്ഷേ പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്ലില്ലാതായി. അതോടെ ബോര്‍ഡുകള്‍ കാഴ്ച വസ്തുക്കള്‍ മാത്രമായി മാറി. രാത്രിയിലും പകലും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സഹായമാകാന്‍ വേണ്ടിയാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുക.
എന്നാല്‍ പാലത്തിനടുത്തുള്ള ബോര്‍ഡുകളില്‍ രാത്രിയോ പകലോ ഒരു സന്ദേശവും തെളിയാറില്ല. ആര്‍ക്കും ഒരു ഉപകാരവും ഇല്ലാതെ നോക്കുകുത്തിയാക്കാനാണെങ്കില്‍ ഇതെന്തിന് വച്ചുവെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.പുറമേ പലയിടത്തും നാലുവരിപ്പാതയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഡിജിറ്റല്‍ ഡിസ്‌പ്ലേബോര്‍ഡുകള്‍ ഒരു കാഴ്ച വസ്തുവല്ല. യാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമാണ്. പ്രത്യേകിച്ച് ദീര്‍ഘദൂരയാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ പല വിവരങ്ങളും നല്‍കാന്‍ ഇതിന് കഴിയുന്നു. ഡ്രൈവര്‍മാര്‍ക്ക് പല തത്സമയ മുന്നറിയിപ്പുകളും നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. പാലിക്കേണ്ട വേഗതയെപ്പറ്റി, റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയെല്ലാം നിര്‍ദേശങ്ങള്‍ ലഭിക്കും. റോഡ് പണിയെപ്പറ്റിയും ബ്ലോക്കുകളുണ്ടെങ്കില്‍ തിരിഞ്ഞു പോകേണ്ട വഴിയെപ്പറ്റിയും അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരു നിര്‍ദേശവും തെളിയാതെ കിടക്കുകയാണ് ദേശീയപാതയില്‍ ചാലക്കുടിപ്പാലത്തിനരികിലെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍.