Connect with us

Kerala

മദ്യം നിരോധം: തീരുമാനം തിടുക്കത്തിലായിപ്പോയി- മാര്‍ ജോര്‍ജ് ആലഞ്ചേരി

Published

|

Last Updated

കൊച്ചി: മദ്യം നിരോധിക്കാനുള്ള തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തീരുമാനത്തിന്റെ വ്യാപ്തി പ്രതീക്ഷിച്ചതിലും അധികമായിപോയെന്നും, വരും വരായ്കകള്‍ നോക്കാതെയാണ് മദ്യ നയം തീരുമാനിച്ചതെന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട മാര്‍ ആലഞ്ചേരി, നടപടികള്‍ മനഷ്യനന്മക്കെതിരായി വന്നാല്‍ അതിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവര്‍ജനമായിരുന്നു എല്ലാക്കാലത്തെയും സഭയുടെ വീക്ഷണം. എല്ലാ ബാറുകളും പൂട്ടാന്‍ സര്‍ക്കാരെടുത്ത തീരുമാനം നടപ്പിലാക്കണമെങ്കില്‍ ഇച്ഛാശക്തി വേണം. അതുണ്ടോയെന്നറിയാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ഇപ്പോഴത്തെ തീരുമാനം സഭയുടെ സമ്മര്‍ദം കാരണമെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. പൂട്ടിയ ബാറുകള്‍ക്ക് വൈന്‍ , ബിയര്‍ പാര്‍ലറുകള്‍ നടത്താനുള്ള ലൈസന്‍സ് നല്‍കില്ലെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ കുര്‍ബനക്ക് ഉപയോഗിക്കുന്ന വീഞ്ഞ് വീര്യം കുറഞ്ഞ മുന്തിരിച്ചാറാണ്. ഇത് എല്ലാ രാജ്യങ്ങളിലും ക്രൈസ്തവ സഭകള്‍ ഉപയോഗിക്കുന്ന പതിവ് ഉണ്ട്. അത് ഉത്പാദിപ്പിക്കുന്നതോ ഉപയോഗിക്കുന്നതോ മദ്യം ഉല്‍പദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുപോലെയല്ല. അങ്ങനെ ലോകത്ത് ഒരിടത്തും മനസിലാക്കുന്നുമില്ല. ഇവിടെ ഈ വീഞ്ഞ് ഉത്പാദിപ്പിക്കാന്‍ പോലും സര്‍ക്കാരിന്റെ അനുമതി ലഭിക്കണ്ടതുള്ളതിനാല്‍ അനുവാദത്തിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ സര്‍ ക്കാര്‍ മദ്യം നിര്‍മിക്കുന്നതിന് അനുവാദം നല്‍കുന്ന വകുപ്പില്‍പ്പെടുത്തിയാണ് ഇതിനും അനുവാദം നല്‍കുന്നത്. ഇത് തെറ്റിദ്ധരിച്ചാണ് മദ്യം ഉത്പാദിപ്പിക്കുന്നതുപോലെയാണ് ഇതെന്ന് പലരും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിവ്യബലിക്ക് ഉപയോഗിക്കുന്ന വീഞ്ഞ് വളരെ കുറഞ്ഞ അളവ് മാത്രമാണ്. അത് മദ്യ ഉത്പാദനമോ മദ്യ വ്യാപാരമോ അല്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.വീഞ്ഞിന് പകരം വെള്ളം ഉപയോഗിക്കാമെന്ന് ക്രിസോസ്റ്റം തിരുമേനി പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അദ്ദേഹം അത് വെറുതേ പറഞ്ഞതാണെന്നായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മറുപടി. വീഞ്ഞിനു പകരം ഒരിടത്തും വെള്ളം ഉപയോഗിക്കുന്നില്ല. അദ്ദേഹം അങ്ങനെ പറഞ്ഞോയെന്ന് തനിക്ക് സംശയമുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്രിസ്തു ഈ വിധി ചെയ്തു നല്‍കിയതിന്റെ അതേ രീതിയിലാണ് കുര്‍ബാനയില്‍ വീഞ്ഞും അപ്പവും ഉപയോഗിക്കുന്നത്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest