കാണാതായ മകനെ തിരിച്ചു കിട്ടി: മല്ലികക്ക് ഇത് സമാഗമത്തിന്റെ പൊന്നോണം

Posted on: September 1, 2014 12:35 am | Last updated: September 1, 2014 at 12:36 am

mallikaഅണ്ടത്തോട് (തൃശൂര്‍): ദുരിതം ഒന്നിനുപുറകെ ഒന്നായി വേട്ടയാടിയപ്പോഴും അതെല്ലാം പരീക്ഷണമായി കണ്ട മല്ലിക ഇന്നലെ കരുണാമയനായ ദൈവത്തെ സ്തുതിച്ചു. ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ പൊന്നുമകനെ തന്റെ മടിതട്ടിലേക്ക് തിരിച്ചേല്‍പ്പിച്ചതിന്, ഈ ഓണം സമാഗമത്തിന്റെ പൊന്നാണമാക്കിയതിന്.

പെരിയമ്പലം തറയില്‍ മല്ലികയുടെ മൂന്ന് മക്കളില്‍ രണ്ടാമനായ അജീഷിനെ (14) 2012 ഡിസംബര്‍ 18നാണ് കാണാതായത്. ബധിരനും മൂകനുമായ കുട്ടിയെ തേടി അമ്മ മല്ലികയും കുടുംബവും ഏറെ അലഞ്ഞുവെങ്കിലും കിട്ടിയില്ല. ഗുരുവായൂരില്‍ നാടോടി സംഘത്തോടപ്പം കണ്ടതായുള്ള സൂചനയുണ്ടായിരുന്നു. കുട്ടികെള തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന്റെ കൈയിലാണ് അജീഷ് ഉള്ളത് എന്ന കേട്ടുകേള്‍വിയും കുടുംബത്തിന്റെ നെഞ്ചിടിപ്പുകൂട്ടി.
മകനെ തേടി മല്ലികയുടെ നീണ്ടയാത്രകള്‍. അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. മുട്ടാത്ത വാതിലുകളില്ല. ദുര്‍വിധിയെ പഴിച്ച് കഴിയുമ്പോഴാണ് കോട്ടയം നീര്‍പ്പാറയിലെ അസീസി വിദ്യാലയത്തില്‍ അജീഷിന്റെ സാദൃശ്യത്തില്‍ ഒരു കുട്ടിയുണ്ടെന്ന വിവരം ലഭിച്ചത്. ഇതനുസരിച്ച് ശനിയാഴ്ച വൈകിട്ട് അവിടെ എത്തി മല്ലിക അജീഷിനെ തിരിച്ചറിയുകയായിരുന്നു.
രണ്ട് ദിവസം മുന്‍പ് റെയില്‍വേ പോലീസാണ് അജീഷിനെ ഇവിടെ എത്തിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മിണ്ടാ ന്‍ കഴിയാത്ത കുട്ടിയായതിനാല്‍ മറ്റ് വിവരങ്ങള്‍ ലഭിച്ചില്ല. എന്നാ ല്‍ പെരിന്തല്‍മണ്ണ അസീസിയിലെ സിസ്റ്റര്‍ ഇവിടെ എത്തിയതാണ് അജീഷിനു തുണയായത്. പെരിന്തല്‍മണ്ണയില്‍ കുറച്ചുകാലം അജീഷ് പഠിച്ചിരുന്നു. ഈ പരിചയത്തില്‍ സിസ്റ്റര്‍ അജീഷിന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. അജീഷ് എങ്ങനെ ഇവിടംവിട്ടു പോയി എന്നതിനെ കുറിച്ചും കഴിഞ്ഞ 20 മാസത്തെ ജീവിതവും അറിയാന്‍ മാര്‍ഗമില്ല. എന്നാല്‍ ഇനിയൊരിക്കലും ഇതുപോലെ സംഭവിക്കില്ലെന്ന് അജീഷ് തന്റെ ഭാഷയില്‍ വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്.
ദുരിതം വേട്ടയാടുന്ന കുടുംബമാണ് മല്ലികയുടെത്. അച്ഛനു കുടുംബവുമായി ബന്ധവുമില്ല. മൂന്ന് മക്കളില്‍ രണ്ട് പേര്‍ ബധിരരും മൂകരുമാണ്. മൂന്നാമനായ മനീഷിന് നാല് മാസം മുന്‍പ് വീടിനു സമീപത്തെ പറമ്പില്‍ നിന്ന് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കണ്ണിനു സാരമായി പരുക്കേറ്റിരുന്നു.