പോളിഷ് പ്രധാനമന്ത്രി ടസ്‌ക് അടുത്ത ഇ യു പ്രസിഡന്റ്

Posted on: September 1, 2014 12:27 am | Last updated: September 1, 2014 at 12:27 am

europian unionബ്രസല്‍സ്: റഷ്യയും ഉക്രൈനുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ, യൂറോപ്യന്‍ നേതാക്കള്‍ പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിനെ യൂറോപ്യന്‍ യൂനിയന്റെ അടുത്ത പ്രസിഡന്റായി നിശ്ചയിച്ചു. വിദേശനയ മേധാവിായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഫെഡ്രിക മൊഗേര്‍ണിയേയും നിയമിച്ചിട്ടുണ്ട്. ഉക്രൈനിലെ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ബ്രസല്‍സില്‍ പ്രത്യേക ഉച്ചകോടി ചേരാനിരിക്കെയാണ് യൂനിയനിലെ 28 രാജ്യങ്ങളിലെ തലവന്‍മാര്‍ രണ്ട് സുപ്രധാന സ്ഥാനങ്ങള്‍ സംബന്ധിച്ച് കരാറിലെത്തിയത്.
ഡിസംബര്‍ ഒന്നിന് സ്ഥാനമൊഴിയുന്ന ഹെര്‍മാന്‍ വാന്‍ റോംപിയുടെ പിന്‍ഗാമിയായാണ് 2007 മുതല്‍ പോളണ്ടിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ടസ്‌കിനെ തിരഞ്ഞെടുത്തത്. സര്‍ക്കാറിനെ നയിച്ച് ഏറെ അനുഭവസമ്പത്തുള്ള 57കാരനായ ഇദ്ദേഹത്തിന് യൂനിയനില്‍ ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലിന്റെയും മറ്റ് യാഥാസ്ഥിക നേതാക്കളുടെയും പിന്തുണയുണ്ട്. ഫെബ്രുവരിയില്‍ മന്ത്രിയായ 41കാരനായ മൊഗേനിയുടെ മുന്‍പരിചയത്തിന്റെ കുറവ് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്റെ പൂര്‍ണ അംഗീകാരമുണ്ടെന്ന് ഇരുവരും പറഞ്ഞു.