Connect with us

International

സിറിയന്‍ വിമതര്‍ ബന്ദികളാക്കിയ യു എന്‍ സൈനികര്‍ രക്ഷപ്പെട്ടു

Published

|

Last Updated

ദമസ്‌കസ്: ജൗലാന്‍ കുന്നുകളില്‍ സിറിയന്‍ വിമതര്‍ ബന്ദിയാക്കിയ യു എന്‍ സമാധാന സേനാംഗങ്ങളിലെ രണ്ട് സംഘങ്ങള്‍ രക്ഷപ്പെട്ടു. യു എന്‍ നിരീക്ഷക സേനയിലുള്ള ഫിലിപ്പിനോ സൈനികരുടെ രണ്ട് സംഘങ്ങളെ ശനിയാഴ്ച വിമതര്‍ വളഞ്ഞിരുന്നു. 44 ഫിജിയന്‍ സൈനികരെ നേരത്തെ പിടികൂടിയിരുന്നു.
റ്വിഹിനാഹില്‍ സിറിയന്‍ വിമതര്‍ വളഞ്ഞ 40 പേരടങ്ങുന്ന ഫിലിപ്പിനോ സൈനികരിലെ ഒരു സംഘമാണ് രക്ഷപ്പെട്ടത്. “പൊസിഷന്‍ 68” ലെ സംഘം രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം “പൊസിഷന്‍ 69″ലെ സംഘവും രക്ഷപ്പെട്ടു. കനത്ത വെടിവെപ്പിനിടയിലായിരുന്നു ഇവരുടെ രക്ഷപ്പെടല്‍. എല്ലാവരും സുരക്ഷിതരാണെന്നും നിലയുറപ്പിച്ച കേന്ദ്രം വിട്ടതായും എല്ലാ ആയുധങ്ങളും കൊണ്ടുവന്നതായും ഫിലിപ്പിനോ സൈന്യത്തിലെ ലെഫ്. കേണല്‍ റമോണ്‍ സഗാല അറിയിച്ചു. 20 വാഹനങ്ങളിലായാണ് വിമതര്‍ പ്രദേശത്ത് എത്തിയത്.
ക്വുനീത്‌റ മേഖലയില്‍ നിന്ന് വ്യാഴാഴ്ചയാണ് 44 ഫിജിയന്‍ സൈനികരെ വിമതര്‍ പിടികൂടിയത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിലെ അല്‍ നുസ്‌റ മുന്നണിയാണ് സൈനികരെ പിടികൂടിയത്. സൈനികരുടെ ഫോട്ടോ, അല്‍ ഖാഇദയില്‍ ചേര്‍ന്ന അല്‍ നുസ്‌റ പുറത്തുവിട്ടിട്ടുണ്ട്. സമാധാനാന്തരീക്ഷത്തിന് വിഘാതമാകുന്ന ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയതിലെ പ്രതിഷേധമാണ് യു എന്‍ സൈനികരെ പിടികൂടിയതിലുടെ അറിയിച്ചതെന്ന് അല്‍ നുസ്‌റ പ്രസ്താവനയിലൂടെ അറിയിച്ചു. സിറിയന്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ക്കെതിരെ യു എന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ബന്ദികള്‍ക്ക് കുഴപ്പമില്ലെന്നും വേണ്ടപോലെ സംരക്ഷിക്കുന്നുണ്ടെന്നും വിമതര്‍ അവകാശപ്പെട്ടു. ക്വുനീത്‌റയില്‍ ഇസ്‌റാഈലി സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടത്തിയതിന് ശേഷമാണ് സൈനികരെ പിടികൂടിയത്.
1967ലെ മധ്യപൗരസ്ത്യ യുദ്ധത്തിലാണ് തന്ത്രപ്രധാനമായ ജൗലാന്‍ കുന്നുകള്‍ ഇസ്‌റാഈല്‍ കൈയടക്കിയത്. സാങ്കേതികമായി സിറിയയും ഇസ്‌റാഈലും ഇപ്പോഴും യുദ്ധത്തിലാണ്. 1973ലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ലബനന്‍ അതിര്‍ത്തിയിലെ ഹെര്‍മോന്‍ കുന്നുകളില്‍ യു എന്‍ സൈന്യം നിരീക്ഷണം നടത്തുകയാണ്. ഫിജി, ഇന്ത്യ, അയര്‍ലന്‍ഡ്, നേപ്പാള്‍, നെതര്‍ലന്‍ഡ്‌സ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ 1,223 സൈനികരാണ് യു എന്‍ നിരീക്ഷക സേനയിലുള്ളത്.

---- facebook comment plugin here -----

Latest