Connect with us

National

ഇശ്‌റത്ത് ജഹാന്‍ കേസ്: നടപടിയെടുത്ത് രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Published

|

Last Updated

IshratJahanstory295അഹമ്മദാബാദ്: സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിച്ചിരുന്ന രണ്ട് ഐ പി എസ് ഉദ്യോഗസ്ഥരെ ഗുജറാത്തിന് പുറത്തേക്ക് മാറ്റി. ഐ പി എസ് ഉദ്യോഗസ്ഥരായ രജനീഷ് റായ്, സതീഷ് വര്‍മ എന്നീ രണ്ട് ഉദ്യോഗസ്ഥരെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി ഉത്തരവായത്. ഇരുവരെയും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ അയക്കുകയായിരുന്നു. 1992 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ രജനീഷ് റായിയെ ഝാര്‍ഖണ്ഡിലെ ജാദുഗുഡയില്‍ പ്രര്‍ത്തിക്കുന്ന യുറേനിയം കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡി(യു സി ഐ എല്‍)ന്റെ ചീഫ് വിജിലന്‍സ് ഓഫീസറായി(സി വി ഒ) മാറ്റി നിയമിച്ചു. 1986 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മയെ മേഘാലയിലേക്കാണ് സ്ഥലം മാറ്റി ഉത്തരവായത്. ഷില്ലോംഗിലെ നോര്‍ത്ത് ഈസ്റ്റേണ്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡി(എന്‍ ഇ ഇ പി സി ഒ)ന്റെ ചീഫ് വിജിലന്‍സ് ഓഫീസറായാണ് വര്‍മയെ നിയോഗിച്ചിരിക്കുന്നത്.

മറ്റൊരു നടപടിയില്‍, അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിലെ ജോയിന്റ് പോലീസ് കമ്മീഷണറായിരുന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍(1986 ബാച്ച്) എ കെ ശര്‍മയെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. വൈകാതെ ന്യൂഡല്‍ഹിയിലെ സി ബി ഐ ആസ്ഥാന മന്ദിരത്തില്‍ നിയമിക്കുമെന്നാണ് കരുതപ്പെടുന്നത്. 2011 നവംബറില്‍ നിയമവിരുദ്ധമായി നടത്തിയ യോഗത്തിന്റെ പേരില്‍ ഇയാളെ സി ബി ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന എസ് ഐ ടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം.
രജനീഷ് റായ് സി ഐ ഡി ക്രൈം വിഭാഗത്തിന്റെ ഡി ഐ ജി ആയിരുന്ന കാലത്താണ് സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്വേഷണം നടത്തിയിരുന്നത്. 2007 ഏപ്രിലില്‍ ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥരെ റായ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. മോദിയുടെ അടുത്ത ആളായിരുന്ന ഡി ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, ആ സമയത്ത് ഉദയ്പൂരിലെ എസ് പിയായിരുന്ന ദിനേഷ് എം എന്‍ എന്നീ മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റായ് മുഖം നോക്കാതെ അന്ന് നടപടിയെടുത്തത്.
ഗുജറാത്ത് ഹൈക്കോടതി നിയമിച്ച എസ് ഐ ടി അന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു സ്ഥലം മാറ്റപ്പെട്ട മറ്റൊരു ഉദ്യാഗസ്ഥന്‍ സതീഷ് വര്‍മ. ഇശ്‌റത്ത് ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന സത്യം കോടതി പ്രഖ്യാപിക്കണമെന്ന് ഇദ്ദേഹം അന്ന് കോടതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന് ശേഷം ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സി ബി ഐക്ക് കൈമാറിയപ്പോള്‍ സി ബി ഐയെ അന്വേഷണത്തില്‍ സഹായിക്കണമെന്ന് കോടതി ഇദ്ദേഹത്തോട് ആവശ്യപ്പട്ടിരുന്നു. ഇതിന് ശേഷം തെളിവുകള്‍ ശേഖരിക്കാന്‍ ഇദ്ദേഹം മുന്നോട്ടുവരുകയും ഇത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചില മുതിര്‍ന്ന ഐ ബി ഉദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരുകയും ചെയ്തു.
തുടര്‍ന്ന് അന്വേഷണ സംഘത്തില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. പിന്നീട് ഗുജറാത്ത് പോലീസാണ് അന്വേഷണം നടത്തിയത്. എന്നാല്‍ 1996ല്‍ നടന്ന ഒരു കസ്റ്റഡി മരണത്തിന്റെ പേരിലും വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ പേരിലും ഗുജറാത്ത് പോലീസ് വര്‍മക്കെതിരെ അന്വേഷണം ആരംഭിച്ചു. കസ്റ്റഡി മരണം നടക്കുന്ന സമയത്ത് വര്‍മ പോര്‍ബന്തര്‍ എസ് പിയായിരുന്നു. നിലവില്‍ രാജ്‌കോട്ടിലെ ആംഡ് യൂനിറ്റില്‍ ഐ ജി പിയാണ് റായ്. സതീഷ് വര്‍മ, ജുനഗഢിലെ പോലീസ് ട്രെയിനിംഗ് സ്‌കൂളില്‍ പ്രിന്‍സിപ്പലുമാണ്.
വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ബി ജെ പിയുടെ പല ഉന്നത നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.

Latest