Connect with us

Kasargod

ഗ്രാമം തേങ്ങി: നാസിഹിന് അന്ത്യാഞ്ജലി

Published

|

Last Updated

തൃക്കരിപ്പൂര്‍: നടക്കാവ് കാപ്പ് കുളത്തില്‍ മുങ്ങിമരിച്ച നാസിഹിന് നാടിന്റെ അന്ത്യാഞ്ജലി. കുളത്തില്‍ കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങി ദുരന്തമേറ്റുവാങ്ങി ലോകത്തോട് വിടപറഞ്ഞ ഈ യുവാവിന്റെ വിധി മണിയനൊടി എന്ന പുഴയോര ഗ്രാമത്തെ ദുഃഖസാന്ദ്രമാക്കി. 

പ്രിയ സഹപാഠിയെ അവസാനമായി ഒരു നോക്കുകാണാനെത്തിയ സഹ വിദ്യാര്‍ഥികളും കൂട്ടുകാരും തേങ്ങലടക്കുന്നത് കണ്ടുനിന്നവരുടെയും കണ്ണ് ഈറനണിയിച്ചു. കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെയാണ് നാസിഹ് കുളത്തില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താണത്.
ഇന്നലെ ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മണിയനോടി ബദര്‍ ജുമാ മസ്ജിദില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഗ്രാമം മുഴുവന്‍ ഒഴുകിയെത്തി.
പിന്നീട് വീട്ടിലെത്തിച്ച ശേഷമാണ് ഉദിനൂര്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം കെ വെളുത്തമ്പു, ഡി സി സി ജനറല്‍ സെക്രട്ടറി പി കെ ഫൈസല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം ടി പി കരീം, അംഗം ശംസുദ്ദീന്‍ ആയിറ്റി, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് സത്താര്‍ മണിയനോടി തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Latest