പരിശോധന ശക്തമാക്കി; ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും നോട്ടീസ് നല്‍കി

Posted on: August 31, 2014 5:36 pm | Last updated: August 31, 2014 at 5:36 pm

കാസര്‍കോട്: സേഫ് കേരള ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലും കൂള്‍ ബാറുകളിലും പരിശോധന തുടരുന്നു.
ബദിയഡുക്ക ടൗണിലെ ഹോട്ടലുകളില്‍ ഇന്നലെ രാവിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പൊറോട്ട, കറികള്‍, മീന്‍ പൊരിച്ചത്, കോഴി പൊരിച്ചത്, ഗോളിബജ തുടങ്ങിയവയാണ് പിടികൂടിയത്. ബളാല്‍ പഞ്ചായത്തു പരിധിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. ആകെ 41 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലും, ഒരു കോള്‍ഡ് സ്‌റ്റോറേജും അടപ്പിച്ചു. കൂടാതെ, വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളില്‍നിന്ന് 13,000 രൂപ പിഴ ഈടാക്കി. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിനോടനുബന്ധിച്ചാണ് ബദിയഡുക്കയിലും ബളാല്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയത്. ഏതാണ്ട് 15ഓളം ഹോട്ടലുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ തമ്പാന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വൃത്തിഹീനമായ ചുറ്റുപാടിലും മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാലിന്യ നിക്ഷേപത്തിനു സൗകര്യമൊരുക്കാതെയുമാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്ന് റെയ്ഡില്‍ കണ്ടെത്തി. ഹോട്ടലുടമകള്‍ക്ക് താക്കീത് നല്‍കിയായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍ മടങ്ങിയത്. കുറ്റം ആവര്‍ത്തിച്ചാല്‍ കേസ് എടുക്കുമെന്ന് അവര്‍ അറിയിച്ചു.
പരിശോധനയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ, വെള്ളരിക്കുണ്ട് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ സി രാമകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് ലാല്‍, ഗോപിനാഥ്, വൈ എസ് ഷെറിന്‍, എം സജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബദിയഡുക്കയില്‍ നടത്തിയ റെയ്ഡില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സതീശന്‍, മോഹനന്‍, നാരായണന്‍, സുരേഷ്, ജയശ്രീ എന്നിവരും പെങ്കെടുത്തു. തുടര്‍ന്നും പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും മെഡിക്കല്‍ ഓഫീസറും അറിയിച്ചു. കഴിഞ്ഞ ദിവസം മുളിയാറിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിരുന്നു. മിക്ക ഹോട്ടലുകളിലും അവശ്യം പാലിക്കേണ്ട ശുചിത്വമില്ലെന്നാണ് അധികൃതരുടെ അഭിപ്രായം.