Connect with us

Kasargod

സ്വകാര്യലാബുകള്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കണം

Published

|

Last Updated

കാസര്‍കോട്: അനധികൃത സ്വകാര്യലാബുകള്‍ പെരുകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വ.യംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് ആരോഗ്യവകുപ്പിന്റെ കൂടി നിയന്ത്രണത്തിലാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
നിലവില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ലാബുകള്‍ പരിശോധിക്കുകയും യോഗ്യമല്ലാത്തവ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ലാബുകള്‍ ആരംഭിക്കുന്നതിന് ലൈസന്‍സ് അനുവദിക്കുന്നത് ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടയല്ല. ഈ സാഹചര്യത്തില്‍ യോഗ്യരല്ലാത്തവര്‍ ലാബ് പരിശോധനകള്‍ നടത്തുന്നത് തടയണം. ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന അനധികൃത ലാബുകള്‍ അടിയന്തിരമായി അടച്ചു പൂട്ടണമെന്നും ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. ജില്ലയില്‍ 92 ലാബുകള്‍ പരിശോധിച്ച 44 ലാബുകളാണ് ഭൗതികസാഹചര്യങ്ങളില്ലാത്തവയാണെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. മംഗല്‍പാടി, മുളിയാര്‍ സ്വകാര്യലാബുകള്‍ അടച്ചു പൂട്ടി. ജില്ലയിലെ തുറമുഖ കടവുകളിലെ മണല്‍ വിതരണം ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇ മണല്‍ സംവിധാനത്തിന്റെ പരിധിയിലേക്ക്‌കൊണ്ടുവരണമെന്നയോഗം ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. തൊഴില്‍ ആരോഗ്യം, പോലീസ് വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവര ശേഖരണം നടത്തും. കാഞ്ഞങ്ങാട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
മഞ്ചേശ്വരം വാണിജ്യനികുതി ചെക്ക് പോസ്റ്റിന് സമീപത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് തീരുമാനമായി. വാണിജ്യനികുതി വകുപ്പിനായി ഏറ്റെടുത്ത സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കും. പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കും.
ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി ബി അബ്ദുറസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, എ ഡി എം. എച്ച് ദിനേശന്‍, ലീഡ് ബാങ്ക് പ്രതിനിധി നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ ഗിരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.