ഒറ്റപ്പാല ടൗണില്‍ ഗതാഗതപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം

Posted on: August 31, 2014 11:09 am | Last updated: August 31, 2014 at 11:09 am

trafficഒറ്റപ്പാലം: അഴിയാക്കുരുക്ക് വീണ്ടും മുറുക്കാന്‍ തലതിരിഞ്ഞ ഗതാഗതപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം. എം ഹംസ എം എല്‍ എയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം കൈക്കൊണ്ട പരിഷ്‌കാര നടപടികളാണ് നഗരത്തെ വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിടുന്നത്. നഗരത്തില്‍ ഇടത് വശത്ത് പാര്‍ക്കിംഗ് ഒഴിവാക്കിയും രാവിലെ എട്ടു മുതല്‍ രാത്രി ഏഴു മണി വരെ ചരക്ക് കയറ്റിറക്ക് ഒഴിവാക്കിയതുള്‍പ്പെടെയുള്ള നടപടികളാണ് നാളെ മുതല്‍ നഗരത്തില്‍ നടപ്പാക്കുന്നത്.
ഓട്ടോ സ്റ്റാന്റും ടാക്‌സി സ്റ്റാന്റുകളും വലതുവശത്തുള്ള നഗരത്തില്‍ വാഹന പാര്‍ക്കിംഗ് ദുഷ്‌കരമാവും. പൊതുജനങ്ങളെയും വ്യാപാരികളെയും ഏറെ ദോഷകരമായി ബാധിക്കുന്ന പരിഷ്‌കരണ നടപടികളാണ് ഇത്. ആര്‍ എസ് റോഡിലെ ഓട്ടോ സ്റ്റാന്റിന് സമീപത്തെ ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ് പോലീസ് സ്‌റ്റേഷനു മുമ്പിലേക്ക് മാറ്റി. ബസുകളും ഓട്ടോറിക്ഷകളും അനധികൃതമായി നഗരത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനെ കുറിച്ച് പരിഷ്‌കരണ നടപടികളില്‍ ഒന്നും പറയുന്നില്ല. ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് നഗരത്തില്‍ പ്രധാനമായും ഗതാഗതകുരുക്കിന് കാരണമാകാറുള്ളത്. നഗരത്തില്‍ അടിയന്തിരമായി നാല് സ്ഥലങ്ങളില്‍ സീബ്രാ ലൈന്‍ നിര്‍മിക്കും. നിലവിലെ ഓട്ടോറിക്ഷ സ്റ്റാന്റുകള്‍ ക്രമീകരിക്കുന്നതിന് യോഗം വിളിക്കാന്‍ സി ഐയെ ചുമതലപ്പെടുത്തി. വിവിധ സംഘടനകള്‍ സമര്‍പ്പിച്ച പരാതികള്‍ തീര്‍പ്പക്കാന്‍ ട്രാഫിക് എസ് ഐയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിയാത്തവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടങ്ങിയ തീരുമാനങ്ങള്‍ ഓണമടുക്കുന്നതോടെ തിരക്കേറുന്ന നഗരത്തില്‍ എങ്ങനെ നടപ്പാക്കും എന്ന് കണ്ടുതന്നെ അറിയണം.