നിരോധിത കീടനാശിനികള്‍ വിപണിയില്‍ സുലഭം

Posted on: August 31, 2014 12:11 am | Last updated: August 31, 2014 at 12:11 am

endosulphanപത്തനംതിട്ട: മനുഷ്യജീവന് അപകടമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട കീടനാശിനികള്‍ വീണ്ടും വിപണിയില്‍ എത്തുന്നു. തമിഴ്‌നാട് ആന്ധ്ര, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ മാരക കീടനാശിനികള്‍ കേരളത്തില്‍ എത്തുന്നത്. സംസ്ഥാനത്ത് മാത്രമാണ് ഇത്തരത്തിലുള്ള കീടനാശിനികള്‍ക്ക് നിരോധമുള്ളത്. ഇത് മറികടന്നാണ് വിപണിയിലേക്ക് കീടനാശിനികള്‍ എത്തിക്കുന്നതും. നിരോധിത കീടനാശികളുടെ കുപ്പികളില്‍ പേര് മാറ്റിയാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്.

12 കീടനാശിനികളാണ് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളത്. മനുഷ്യന്റെ പ്രത്യുത്പാദന ശേഷിയെ പൂര്‍ണമായും തകര്‍ക്കുന്ന തരത്തിലുള്ള കീടനാശിനികള്‍ വരെ ഈ കൂട്ടത്തില്‍പ്പെടും. ഡി ഡി ടി, ബെന്‍സീന്‍ ഹെക്‌സാക്ലോറൈഡ്, എതിലിന്‍ ഡൈ ബ്രോമൈഡ്, ആന്‍ഡ്രിന്‍, ഡൈ എന്‍ഡ്രിന്‍, പാരക്വറ്റ, ഡൈ ബ്രോമോ ക്ലോറോ പ്രൊപ്പേന്‍, 2,4,5 ടി, ക്ലോര്‍ഡൈം ഫാം, ഗാലിക്രോണ്‍, കാംഫെക്ലോര്‍, പി സി പി, മനുഷ്യ ശരീരത്തില്‍ വീണാല്‍ പോലും മരണം സംഭവിക്കുന്ന ഈഥൈല്‍ പരാത്തിയോണ്‍ എന്നിവയാണ് നിരോധിച്ച കീടനാശിനികള്‍ . ഇവയാണ് ഇപ്പോള്‍ സംസ്ഥാനത്തെ കൃഷിയിടത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത്. വിപണിയില്‍ ഇവ പുതിയ പേരില്‍ ഇറങ്ങുന്നതിനാല്‍ പിടികൂടാന്‍ കഴിയാറില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കീടനാശിനിയുടെ പുറം കവറില്‍ അതിന്റെ രാസനാമങ്ങള്‍ കൃത്യമായി എഴുതണമെന്നിരിക്കെ ഇത് പാലിക്കപ്പെടാറില്ല . ഇത് രാസപരിശോധനയില്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ. അതിന് ആധുനിക ലാബ് സൗകര്യം സംസ്ഥാനത്ത് ഇല്ലാത്തതും പരിശോധനക്ക് തിരിച്ചടിയായിട്ടുണ്ട്. ഇത്തരത്തില്‍ മാരക വിഷമായ കീടനാശിനികള്‍ തമിഴ്‌നാട്ടിലെ കമ്പം, തേനി, ചൊരണ്ട, തെങ്കാശി, ഊട്ടി എന്നിവിടങ്ങളിലെ പച്ചക്കറി ഉത്പാദന ഫാമുകളിലും യഥേഷ്ടം ഉപയോഗിക്കുന്നുണ്ടെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ യു എ ഇ അടക്കമുള്ള അറേബ്യന്‍ രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനികള്‍ ഇപ്പോള്‍ പല റബ്ബര്‍ എസ്റ്റേറ്റുകളിലും ഉപയോഗിക്കുന്നു. സംസ്ഥാനത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ ഇത്തരത്തിലുള്ള കീടനാശിനികള്‍ ഉപയോഗിച്ചുവരുന്നതായി ആരോഗ്യ വിഭാഗം മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കീടനാശിനികള്‍ക്കെതിരെയുള്ള പരിശോധനകള്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ പേരു മാറ്റി എക്കാലക്‌സ് എന്നീ പേരില്‍ ഇടുക്കി, വയനാട്, എന്നിവിടങ്ങളില്‍ ഏലകൃഷിക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഏലത്തിന് നല്ല വിളവ് ലഭിക്കാന്‍ ഇത് പ്രയോഗിച്ചാലേ സാധ്യമാകൂ എന്ന് അവസ്ഥയിലാണ് ഇപ്പോള്‍ കര്‍ഷകര്‍.
ഈ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ച് മുതല്‍ 10 വരെ ശതമാനം ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.