ചരിത്രത്തിന് ഒരു വിരാമം

Posted on: August 31, 2014 6:00 am | Last updated: August 30, 2014 at 10:30 pm

Bipan_chandra_photo_stry1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വിരാമമായെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രത്തിന് വിരാമമിടാന്‍ സമയമായിരുന്നില്ല. എന്നാലിപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രകാരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബിപന്‍ ചന്ദ്ര ചരിത്രാവശേഷനാകുമ്പോള്‍ ചരിത്രത്തില്‍ വലിയൊരു വിരാമ ചിഹ്നമാണ് വന്നുവീണിരിക്കുന്നത്. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ബിപന്‍ ചന്ദ്രയുടെ വിയോഗം ഒരു ദേശീയ നഷ്ടമായി വേണം കണക്കാക്കാന്‍. ചരിത്രവും പാഠപുസ്തകങ്ങളും വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ഉപകരണങ്ങളായി മാറ്റാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം അതിനെതിരെ ശക്തമായ നിലപാടെടുത്ത ധീരനായ ചരിത്രകാരനായിരുന്നു അദ്ദേഹം. 1984 ല്‍ അദ്ദേഹമെഴുതിയ ‘വര്‍ഗീയത; ആധുനിക ഇന്ത്യയില്‍’ എന്ന ഗ്രന്ഥത്തില്‍ വര്‍ഗീയതയുടെ ആവിര്‍ഭാവവും വളര്‍ച്ചയും ഗൗരവപൂര്‍വ്വം വിശകലനം ചെയ്തിട്ടുണ്ട്. വര്‍ഗീയത ഒരു ആശയ ധാരയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും അതിന്റെ പ്രചാരകരെ തുറന്ന് കാണിക്കാന്‍ ആര്‍ജവം കാണിക്കുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപ കാലത്ത് അദ്ദേഹമെടുത്ത നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയില്‍ ഹിന്ദുത്വ വര്‍ഗീയതയുടെ വേരുകള്‍ ആഴത്തില്‍ പടരുകയാണെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. 2008 ല്‍ ഒരു അഭിമുഖത്തില്‍ ദക്ഷിണേന്ത്യയുടെ മണ്ണില്‍ വര്‍ഗീയതക്ക് സ്വാധീനമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ വര്‍ഗീയത വളരുകയാണെന്ന് മുന്നറിയിപ്പും നല്‍കി.
2003ല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലിമെന്റ് സെന്‍ട്രല്‍ ഹാളില്‍ വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ഛായാചിത്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം നടന്നപ്പോള്‍ ‘സവര്‍ക്കര്‍ മാതൃകയല്ലെന്ന്’ ബിപന്‍ ചന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു:
‘My first major objection is installing his portrait in Parliament at all. Its very sight is vulgar. Why should Savarkar’s portrait be put up? The act of putting up a statue or portrait in Parliament is not simply to honour a person. They are supposed to be role models for citizens. In every country, including ours, young people come in busloads to be shown around Parliament. The purpose is that they should emulate a, b, c, d as their role model. It is wrong to put Savarkar’s portrait in Parliament. Young people should not be told to emulate him as their role model.’
ഇതാണ് ബിപന്‍ ചന്ദ്ര. മാര്‍ക് ട്വൊയിന്‍ പറഞ്ഞത് പോലെ ഇന്നലെകളുടെ കാഴ്ചകള്‍ പകര്‍ത്താനുള്ള കണ്ണാടി മാത്രമായിരുന്നില്ല ബിപന്‍ ചന്ദ്രക്ക് ചരിത്രം. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് കൗശലത്തെ രാജ്യത്ത് വേവിച്ചെടുക്കാനുള്ള ചേരുവകളൊരുക്കുകയെന്ന കുശിനിപ്പണിയാണ് കൊളോണിയല്‍ ചരിത്രകാരന്മാരും ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാരും എടുത്തത്. ദേശീയ വാദികള്‍ ഇതേറ്റെടുത്തു മുന്നോട്ട് പോകുകയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. ദേശീയ വാദ ചരിത്രകാരന്മാരില്‍ പ്രമുഖനായ ആര്‍. സി മജൂംദാര്‍ ഒരിടത്ത്, ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്ന് നില്‍ക്കുക അസാധ്യമായിരുന്നു എന്ന് പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ആശയത്തിന് വിരുദ്ധമായി ഇന്ത്യന്‍ ചരിത്രത്തിന് മതേതരമായ ഒരു അടിസ്ഥാനമുണ്ടാക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു ബിപന്‍ ചന്ദ്ര. ജവഹര്‍ ലാല്‍ നെഹ്‌റു ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ എഴുതിയതിന് പിന്നിലും ഇതേ താത്പര്യമുണ്ടായിരുന്നു.
സാമ്രാജ്യത്വ ചരിത്രരചനയുടെയും പൗരസ്ത്യവാദത്തിന്റെയും അഭിനവ പിന്തുടര്‍ച്ചക്കാര്‍ സംഘ്പരിവാരാണ്. മതേതര ചേരിയെ ഭിന്നിപ്പിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയെന്ന ആ പഴയ കൗശലം തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയവും പ്രയോഗവത്കരിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമം കാലങ്ങളായി ബിജെ പി നടത്തി വരുന്നത് ഈ അജന്‍ഡയുടെ ഭാഗമാണ്. കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് എന്‍ സി ഇ ആര്‍ ടിയുടെ ചരിത്രപാഠപുസ്തകം തിരുത്താനുള്ള ശ്രമം ഉണ്ടായി. അന്ന് ബിപന്‍ ചന്ദ്ര, റോമിലാ ഥാപ്പര്‍, ആര്‍ എസ് ശര്‍മ, സതീശ് ചന്ദ്ര തുടങ്ങിയ ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രധിഷേധമുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാഠപുസ്തകം പിന്‍വലിച്ചത്. ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കായി ഒരു കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തയുണ്ട്. ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു വാര്‍ത്തയാണ് മുന്‍ വിദ്യാഭാരതി മേധാവി ദിനാ നാഥ് ബത്ര ഇന്ത്യന്‍ വിദ്യാഭ്യാസത്തെ ‘ഭാരതീയവത്കരിക്കാന്‍’ എന്‍ ജി ഒ രൂപത്തില്‍ കമ്മീഷന് രൂപം നല്‍കിയത്. ബത്രയുടെ ഈ നീക്കം വിദ്യാഭ്യാസത്തെ വര്‍ഗീയവത്കരിക്കാനുള്ള എന്‍ ഡി എ സര്‍ക്കാറിന്റെ പരോക്ഷ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്നുവെന്നു തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിന് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കുകയും മതേതരത്വത്തിന് കാവല്‍ നില്‍ക്കുകയും ചെയ്ത ബിപന്‍ ചന്ദ്രയെ പോലുള്ള ചരിത്രകാരന്മാരുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയില്‍ കയറിവരാന്‍ വര്‍ഗീയവാദികള്‍ ഉത്സാഹിക്കുമെന്നതാണ് നമ്മെ ഉത്കണ്ഠാകുലരാക്കേണ്ടത്.