പി എസ് എം ഒ കോളജിലെ എം എസ് എഫ് നിലപാട് ലീഗ് നേതൃത്വത്തിനെതിരെ അണികള്‍ക്ക് അമര്‍ഷം

Posted on: August 30, 2014 9:33 am | Last updated: August 30, 2014 at 9:33 am

തിരൂരങ്ങാടി: പി എസ് എംഒ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് എം എസ് എഫ് പിന്‍മാറിയ സംഭവത്തില്‍ മുസ്‌ലിംലീഗ് നേതൃത്വത്തിനെതിരെ അണികളുടെ അമര്‍ഷം ശക്തിപ്പെടുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ അംഗങ്ങളായ മനേജ്‌മെന്റിന് കീഴില്‍ നടക്കുന്ന പി എസ് എം ഒ കോളജില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുകൂടിയായ പ്രിന്‍സിപ്പലും ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫും തമ്മിലാണ് പ്രശ്‌നം.
സംസ്ഥാനത്ത് തന്നെ എം എസ് എഫിന്റെ ശക്തി കേന്ദ്രമായ ഇവിടെ എം എസ് എഫ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയത് ലീഗിന് കനത്ത ആഘാതമായിട്ടുണ്ട്. വിദ്യാര്‍ഥി വിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന പ്രിന്‍സിപ്പലിനെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്ന എം എസ് എഫ് ആവശ്യം അംഗീകരിക്കാത്തതാണ് തിരെഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ എം എസ് എഫ്‌നെ പ്രേരിപ്പിച്ചത്.
പ്രിന്‍സിപ്പലിനെതിരെ എം എസ് എഫ് നിരവധി പ്രക്ഷോഭങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗിലെ ഒരുവിഭാഗം പ്രിന്‍സിപ്പലിന് എതിരും മറ്റൊരു വിഭാഗം അനുകൂലവുമാണ്. ഇതാണ് ലീഗ് നേതൃത്വത്തെ വട്ടം കറക്കുന്നത്.