നഗരം സൗന്ദര്യവത്കരിക്കാന്‍ പെരിന്തല്‍മണ്ണ

Posted on: August 30, 2014 9:09 am | Last updated: August 30, 2014 at 9:09 am

PERNTHALMANNAപെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരം സൗന്ദര്യവത്കരിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനുമുള്ള ഉടമ്പടിയില്‍ നഗരസഭ ഒപ്പ് വെച്ചു.
പ്രൈം അസ്മിയ, ചെര്‍പ്പുളശ്ശേരിയുമായാണ് എഗ്രിമെന്റ് ഒപ്പ് വെച്ചത്. ഇതിനായി തയ്യാറാക്കിയ കരട് കരാര്‍ വ്യവസ്ഥകള്‍ കൗണ്‍സില്‍ അംഗീകരിച്ചു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജംഗ്ഷനിലെ നാല് റോഡുകളിലെയും ഫുട്പാത്തുകള്‍ നവീകരിക്കും. ടാക്‌സി പാര്‍ക്കുകള്‍, ആധുനിക രീതിയിലുള്ള ബസ് വെയ്റ്റിംഗ് ഷെഡുകള്‍ നഗരത്തിലെ റോഡുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.
ജംഗ്ഷനില്‍ നിന്നും നാല് റോഡുകളിലേക്കും 100 മീറ്റര്‍ നീളത്തില്‍ ഉള്ള ഡിവൈഡറുകളായിരിക്കും സ്ഥാപിക്കുക. സ്ഥാപിക്കുന്ന ഡിവൈഡറുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കും. റോഡ് വീതി ലഭ്യമാക്കുന്ന സ്ഥലങ്ങളില്‍ നാല് അടിയില്‍ കുറയാത്ത ഫുട്പാത്തുകള്‍ നിര്‍മിക്കും. ഇതിന്റെ ഭാഗമായി നഗരമധ്യത്തില്‍ റോഡ് വീതികൂട്ടി ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പരമാവധി റോഡരികിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടികളാരംഭിച്ചിട്ടുണ്ട്.
നഗരസഭയില്‍ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹസ്‌കോയില്‍ നിന്നും വായ്പയെടുക്കുന്നതിന് നഗരസഭ ഭൂമി മോര്‍ട്ടഗേജ് ചെയ്യുവാനും കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭയുടെ അധീനതയിലുള്ള കുന്നപ്പള്ളിയിലെ ഖരമാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന 13 ഏക്കറോളം വരുന്ന ഭൂമിയാണ് മോര്‍ട്ടഗേജ് ചെയ്യുക.
പെരിന്തല്‍മണ്ണ നഗരസഭയിലെ ഏക ആയുര്‍വേദ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ ഒരു സ്ഥിരം മെഡിക്കല്‍ ഓഫീസറുടെ നിരന്തരമായ സേവനം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ഗവ. ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തസ്തിക മെഡിക്കല്‍ ഓഫീസര്‍ തസ്തികയായി പുനര്‍ നിര്‍ണയം ചെയ്ത് ഉത്തരവാകണമെന്ന് കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാറിനോടഭ്യര്‍ഥിച്ചു.
2012 വര്‍ഷം മുതല്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇവിടെ സ്ഥിരമായി മെഡിക്കല്‍ ഓഫീസര്‍ ഇല്ലായാരിക്കുകയാണ്. ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.