ത്രിവേണി ഗോഡൗണില്‍ ധാന്യങ്ങള്‍ പുഴുവരിച്ച് നശിക്കുന്നു

Posted on: August 30, 2014 8:13 am | Last updated: August 30, 2014 at 8:13 am

മണ്ണാര്‍ക്കാട്: ത്രിവേണി ഗോഡൗണില്‍ അരിയടക്കമുളള ഭക്ഷ്യ വസ്തുക്കള്‍ പുഴുവരിച്ച് നശിക്കുന്നു. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നതിനിടയിലാണിത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന് അടുത്തുളള ഗോഡൗണിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നത്.
ജീവനക്കാരുടെ കാര്യക്ഷമതയില്ലാത്തതാണ് ഇതിന്കാരണമെന്ന് പറയുന്നു. മണ്ണാര്‍ക്കാട്, അഗളി, തച്ചമ്പാറ, എടത്തനാട്ടുകര എന്നീ നാലു ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഇവിടെനിന്നാണ് സാധനങ്ങള്‍ പാക്ക് ചെയ്ത് കയറ്റി അയക്കുന്നത്. കേടുവന്ന സാധനങ്ങള്‍ തിരിച്ചുകൊണ്ട് പോവുമെന്നാണ് അധികൃതര്‍ അറിയിക്കുന്നതെങ്കിലും മാസങ്ങളായി ഇവ ഗോഡൗണില്‍ കിടക്കുകയാണ്. ഇതുമൂലം ഗോഡൗണില്‍ ദുര്‍ഗന്ധം വഹിക്കുന്നതായും പറയപ്പെടുന്നുണ്ട്.
സാധനങ്ങള്‍ നല്‍കിയ ഡീലര്‍മാര്‍ക്ക് ഫെഡറേഷന്‍ നല്‍കാനുളള തുക കുടിശ്ശിക വരുത്തിയതു കാരണം ഇപ്പോള്‍ സപ്ലൈ ഇല്ലാത്തതുകാരണമാണ് കേടുവന്ന സാധനങ്ങള്‍ തിരിച്ചുകൊണ്ട് പോവാത്തതെന്ന് ത്രിവേണിയുടെ ജില്ലാ അധികൃതര്‍ അറിയിച്ചു. ഡീലര്‍മാര്‍ മുഖേനെയാണ് ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ ഗോഡൗണിലെത്തുന്നത്. ഇതുമൂലം കണ്‍സ്യൂമര്‍ ഫെഡിന് വന്‍നഷ്ടങ്ങളാണ് വരുന്നത്.