ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍: ഇടവേള സമയം വര്‍ധിപ്പിച്ചു

Posted on: August 30, 2014 12:01 am | Last updated: August 30, 2014 at 12:01 am

തിരുവനന്തപുരം: ഇടവേള സമയങ്ങള്‍ വര്‍ധിപ്പിച്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ടൈം ടേബിളില്‍ മാറ്റം വരുത്തി. പീരിയഡുകള്‍ തമ്മിലൂള്ള ഇടവേള സമയം അഞ്ച് മിനുട്ടില്‍ നിന്നും പത്തായും ഉച്ചസമയത്തെ ഇടവേള 35 മിനിട്ടില്‍ നിന്നും നാല്‍പ്പത് മിനിട്ടായും ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ രാവിലെ ഒമ്പത് മുതല്‍ നാലര വരെയാണ് ക്ലാസ്. ടൈം ടേബിള്‍ പരിഷ്‌ക്കരണത്തോടെ ഇത് ഒമ്പത് മുതല്‍ 4.45 വരെയായി മാറി. ടൈം ടേബിള്‍ മാറ്റത്തിന്റെ ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറങ്ങും. ഓണത്തിന് ശേഷമായിരിക്കും പരിഷ്‌കരണം നടപ്പിലാക്കുക. ടൈം ടേബിള്‍ പരിഷ്‌കരണം കുട്ടികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കുട്ടികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും സമയം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്നാണ് സമയം മാറ്റാന്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടപ്പാക്കിയ ടൈം ടേബിള്‍ പരിഷ്‌കരണം പുനഃപരിശോധിക്കുമെന്നും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ടൈം ടേബിളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും മുഖ്യമന്ത്രിയും നിയമസഭയെ അറിയിച്ചിരുന്നു. ഈ വര്‍ഷത്തേക്ക് മാത്രമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും അടുത്ത വര്‍ഷം മുതല്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്തുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.