ലുലു മാളിലെ വ്യാജബോംബ് ഭീഷണി: പിടിയിലായത് ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതി

Posted on: August 30, 2014 12:15 am | Last updated: August 29, 2014 at 11:15 pm

കൊച്ചി: ലുലു മാള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. കോട്ടയത്ത് ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയായ കടവന്ത്ര കതൃക്കടവില്‍ ചെമ്മായത്ത് റോഡില്‍ കയ്യൂര്‍ വീട്ടില്‍ സാമുവലിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുതുവൈപ്പ് മുരുക്കുംപാടം കുരിശിങ്കല്‍ വീട്ടില്‍ സേവ്യറിന്റെ മകന്‍ മനോജ് സേവ്യറിനെ(39)യാണ് കളമശേരി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
75 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ലുലുമാളില്‍ ഇയാള്‍ ബോംബ് ഭീഷണി സൃഷ്ടിച്ചത്. കഴിഞ്ഞ 22 മുതല്‍ 28 വരെ ഇയാള്‍ ലുലു മാളിന്റെ മാനേജരെ നിരന്തരം ഫോണില്‍ വിളിച്ച് പണത്തിന് വേണ്ടി ഭീഷണി തുടരുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസ്‌വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് ലുലുമാളില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതോടെ ഭീഷണിയുടെ സ്വരം മാറ്റിയ ഇയാള്‍ ലുലു മാളില്‍ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇത് മാളിലെ ബിസിനസിനെ ഗുരുതരമായി ബാധിക്കുമെന്നും പറഞ്ഞാണ് പണത്തിന് വിലപേശിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍ സുഹൃത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഷിഹാബ് അലി എന്ന പേരില്‍ തയ്യാറാക്കിയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ദര്‍ബാര്‍ ഹാളിനടുത്തുള്ള കടയില്‍ നിന്നും എടുത്ത സിംകാര്‍ഡും കലൂര്‍ സ്‌റ്റേഡിയത്തിന് മുന്നിലുള്ള കടയില്‍ നിന്ന് വാങ്ങിയ രണ്ട് മൊബൈല്‍ ഫോണുകളുമാണ് ഇയാള്‍ ഭീഷണിക്കായി ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഓരോ തവണയും ഫോണ്‍ വിളിച്ച ശേഷം സ്വിച്ചോഫ് ചെയ്ത് ബാറ്ററി ഊരിയെടുത്തിരുന്നതിനാല്‍ ഇയാളുടെ നീക്കങ്ങള്‍ പിന്തുടരാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
ഒറ്റക്കാണ് എല്ലാം ചെയ്തതെന്നും സിംകാര്‍ഡ് എടുക്കാന്‍ മാത്രമാണ് സുഹൃത്ത് സഹായിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇയാളെ സഹായിക്കാന്‍ മറ്റാരൊക്കെയോ ഉണ്ടായിരുന്നതായാണ് പോലീസ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.