Connect with us

Articles

ആന്റണിയുടെ അതിമോഹങ്ങള്‍

Published

|

Last Updated

എ കെ ആന്റണി ആദര്‍ശധീരനാണ്, പഴയ കെ എസ് യുവിന്റെ പടക്കുതിര, അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തി. ഇതിനൊക്കെ പുറമെ സൗമ്യതയുടെയും നിഷ്‌കളങ്കതയുടെയും പ്രതീകം. ഇങ്ങനെയൊക്കെയാണ് നമ്മുടെ പഴയ പ്രതിരോധമന്ത്രിയെക്കുറിച്ച് “ആന്റണി ഭക്തരായ” കോണ്‍ഗ്രസുകാര്‍ പറഞ്ഞു നടക്കാറ്. ഇതൊക്കെ സത്യമാണോ എന്നൊന്നും ആരും ചോദിക്കരുത്. അണ്ടിയോടടുക്കമ്പോഴറിയാം മാങ്ങയുടെ പുളിയെന്ന് കോണ്‍ഗ്രസുകാരുണ്ടോ അറിയുന്നു? ആന്റണി എത്ര മറച്ചു വെക്കാന്‍ ശ്രമിച്ചാലും അദ്ദേഹം മനസ്സില്‍ താലോലിച്ചു നടക്കുന്ന “കോണ്‍ഗ്രസിസം” ഇടക്കിടക്ക് പുറത്തു വരും.
ഇപ്പോഴിതാ യു പി എ സര്‍ക്കാറിന്റെ പരാജയ കാരണം ആന്റണി കണ്ടെത്തിയിരിക്കുന്നു. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി സംഭവിച്ചതിന്റെ കാരണങ്ങളെക്കുറിച്ചു പഠിക്കാന്‍ സോണിയാ ഗാന്ധി നേരിട്ട് നിയോഗിച്ച നാലംഗ സമിതിയുടെ തലവനായിരുന്നു ആന്റണി. മുകുള്‍ വാസ്‌നിക്, ആര്‍ സി കണ്ടിയ, അവിനാശ് പാണ്ഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പാര്‍ട്ടിയുടെ ന്യൂനപക്ഷപ്രീണന നയമാണ് തോല്‍വിക്ക് പ്രധാന കാരണമായി എ കെ ആന്റണി അധ്യക്ഷനായ സമിതി കണ്ടെത്തിയിരിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പാര്‍ട്ടി ന്യൂനപക്ഷപ്രീണനമാണ് നടത്തുന്നതെന്ന പ്രതീതിയുണ്ടായത്രെ. സോണിയക്കും രാഹുലിനും പരാജത്തിന് യാതൊരു ഉത്തരവാദിത്വമില്ലാത്തതിനാല്‍ സംഗതി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്നായി ബോധിക്കും. ആന്റണിയുടെ ആദര്‍ശശുദ്ധിയും സത്യസന്ധമായ വിലയിരുത്തലും ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും റിപോര്‍ട്ടിലൂടെ ഒരിക്കല്‍ കൂടി ബോധ്യമാകുകയും ചെയ്യും. റിപോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്നും സമിതിയുടെ കണ്ടത്തെലുകള്‍ പാര്‍ട്ടി അധ്യക്ഷക്ക് കൈമാറിയിട്ടുണ്ടെന്നും പറയുന്ന ആന്റണി, വാര്‍ത്തകള്‍ നിഷേധിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധിക്കണം.
എന്തായാലും ദയനീയ തോല്‍വിക്ക് നാണംകെട്ട കാരണമാണ് ആന്റണി കണ്ടെത്തിയിരിക്കുന്നത്. ജനങ്ങള്‍ നല്‍കിയ പരാജയത്തിന്റെ അടിയേറ്റ കോണ്‍ഗ്രസ് പാര്‍ട്ടി യഥാര്‍ഥ കാരണങ്ങളില്‍ നിന്ന് ഒളിച്ചോടി ഇത്തരം നിലവാരമില്ലാത്ത കണ്ടെത്തലുകളിലൂടെ ആശ്വാസവും പരിഹാരവും തേടാനാണ് ശ്രമിക്കുന്നതെങ്കില്‍ മോദിയുടെ ചെങ്കോട്ട പ്രസംഗം 2019 കഴിഞ്ഞാലും കേള്‍ക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ വിധിക്കപ്പെടും. ആന്റണി റിപോര്‍ട്ടില്‍ ന്യൂനപക്ഷ പ്രീണനം എന്ന് വളച്ചു പറഞ്ഞതിന്റെ ഉദ്ദേശ്യം രാജ്യത്തെ മുസ്‌ലിംകളെ യു പി എ സര്‍ക്കാര്‍ പ്രീണിപ്പിച്ചുവെന്ന് തിരുത്തിവായിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. അനര്‍ഹമായത് അധികാരത്തിലിരുന്നു കൊണ്ട് രാജ്യത്തെ മുസ്‌ലിംകള്‍ക്ക് യു പി എ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ആന്റണി പറഞ്ഞ പ്രീണനത്തിന്റെ പരിധിയില്‍ പെടും. എന്നാല്‍ സോണിയ, മന്‍മോഹന്‍, ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാറും പൂര്‍വികരും പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചിട്ടും മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് പോലും നല്‍കിയിട്ടില്ലെന്നതല്ലേ വസ്തുത? അതല്ലെങ്കില്‍ ആന്റണി പറയണം, ഈ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ പല സംസ്ഥാനങ്ങളിലും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളേക്കാളും പരിതാപകരമായ ജീവിത ചുറ്റുപാടില്‍ 2014ലും ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന്? രാജ്യത്തെ മുസ്‌ലിംകളെ മുഴുവനും നന്നാക്കേണ്ട ഉത്തരവാദിത്വം ആന്റണിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമില്ലായിരിക്കാം. എങ്കിലും കാലങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി കൊടി പിടിക്കാനും പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും നടക്കുന്ന ഒരു വലിയ വിഭാഗമുണ്ട് കേരളമടക്കമുള്ള ഇന്ത്യാ മഹാരാജ്യത്ത്. പേരും ജാതിയും നോക്കി നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്ന പാര്‍ട്ടിയുടെ പുതിയ സെക്യൂലര്‍ തിരഞ്ഞെടുപ്പ് രീതി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍, എത്ര തിരക്കുണ്ടെങ്കിലും ആന്റണി അവിടെ നിന്ന് മുദ്രാവാക്യം വിളിക്കുന്നവരുടെ പേരെങ്കിലും ഇടക്കൊന്ന് ചോദിച്ച് പോകുന്നത് നന്നായിരിക്കും. ആക്കൂട്ടത്തില്‍ നിന്നാരെയും പി സി സി പ്രസിഡന്റൊന്നുമാക്കിയില്ലെങ്കിലും പ്രസ്താവനകള്‍ നടത്തുമ്പോള്‍ യാഥാര്‍ഥ്യബോധം “കൈവിടാതിരിക്കാന്‍” അത് നല്ലതാണ്. സ്വന്തം പാര്‍ട്ടി ഭരിച്ച കാലങ്ങളില്‍ കോണ്‍ഗ്രസ് അംഗത്വം നോക്കി അര്‍ഹതപ്പെട്ടത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ വലിയൊരുവിഭാഗം മുസ്‌ലിംകളുടെ സ്ഥിതി എന്നേ മെച്ചപ്പെട്ടേനെയെന്ന കാര്യം ആന്റണിയെ പോലെ ഒരു നേതാവ് മനസ്സിലാക്കുന്നത് നന്നായിരിക്കും.
തിരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിലെ മുസ്‌ലിംകള്‍ എല്ലാ അര്‍ഥത്തിലും മുന്നിലാണെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതുപോലെയാണ് ആന്റണി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ന്യൂനപക്ഷപ്രീണനം. ബി ജെ പിയെ പോലെ ത്രീവ്ര ഹിന്ദുത്വവികാരം മൂലധനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കളുടെ ശബ്ദമാണ് ആന്റണിയെന്ന മതേതര കോണ്‍ഗ്രസ് പാര്‍ട്ടിയുടൈ നേതാവിലൂടെ പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ആന്റണി റിപോര്‍ട്ട് നരേന്ദ്ര മോദിയെ സന്തോഷിപ്പിച്ചിട്ടുണ്ടാകും. കോണ്‍ഗ്രസ് ഭരിച്ച കാലങ്ങളിലെല്ലാം മോഹന വാഗ്ദാനങ്ങള്‍ നല്‍കി മുസ്‌ലിംകളെ പറഞ്ഞ് പ്രീണിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് യു പി എ സര്‍ക്കാറിന്റെ മേശപ്പുറത്ത് വന്നിരുന്ന സച്ചാര്‍ സമിതി റിപോര്‍ട്ട് പറയുന്നുണ്ട്. അത് ഒരിക്കലെങ്കിലും വായിച്ചു നോക്കിയിരുന്നെങ്കില്‍ ആന്റണിക്ക് ഇങ്ങനെ റിപോര്‍ട്ട് ഉണ്ടാക്കാനാകുമായിരുന്നില്ല. കോണ്‍ഗ്രസ് മുസ്‌ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചിരുന്നെങ്കില്‍ ഐ എ എസില്‍ മൂന്ന് ശതമാനവും ഐ എഫ് എസില്‍ 1.8 ശതമാനവും ഐ പി എസില്‍ നാല് ശതമാനവും ഇന്ത്യന്‍ റെയില്‍വേയില്‍ 4.5 ശതമാനവുമായി മുസ്‌ലിം പ്രാതിനിധ്യം എങ്ങനെ ചുരുക്കപ്പെട്ടുവെന്ന് കൂടി പറയേണ്ടതുണ്ട്. രാജ്യത്തെ അഞ്ഞൂറോളം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് ആന്റണി സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചതത്രേ. ഒരൊറ്റ നേതാവും നേതൃത്വത്തിന്റെ കഴിവുകേട് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായെന്ന് പറയാത്തതു കൊണ്ടാണോ ഉത്തരവാദിത്വത്തില്‍ നിന്ന് സോണിയയെയും മകന്‍ രാഹുലിനെയും വിമുക്തരാക്കിയത്? അഴിമതിയും വിലക്കയറ്റവും ഉദാരവത്കരണ സാമ്പത്തിക നയങ്ങളും തോല്‍വിക്ക് പ്രധാനകാരണമായി കോണ്‍ഗ്രസ് നേതാക്കളാരും കരുതുന്നില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ ചിന്തിക്കണമോ? എങ്കില്‍ ഈ രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാര്യമായ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ പാര്‍ട്ടി അടുത്ത കാലത്തൊന്നും രക്ഷപ്പെടുമെന്ന് സ്വപ്നം കാണാനും കഴിയില്ല. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രാഹുലിന് എതിരെ ശബ്ദമുയര്‍ന്നിരുന്നു. നേതൃത്വത്തിലേക്ക് പ്രിയങ്ക വരട്ടെയെന്ന് വരെ പല കോണ്‍ഗ്രസ് നേതാക്കളും ആഗ്രഹിച്ചു. എന്നാല്‍ അതൊന്നും ആന്റണി സമിതി കാണാതെ പോയതിന് കാരണം, ഇത്രയും കാലം ആന്റണിക്ക് അധികാരത്തിന്റെ കസേര നല്‍കിയ പാര്‍ട്ടി നേതൃത്വത്തോടുള്ള കൂറോ അതോ ഇനിയും പദവികള്‍ വഹിക്കാനുള്ള സ്വാര്‍ഥമോ? സ്വാതന്ത്ര്യാനന്തരം 18 വര്‍ഷം മാത്രം അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കണ്ടെത്തുമ്പോള്‍ അതിനെ കേവലം ന്യൂനപക്ഷപ്രീണനം എന്നതിലേക്ക് കേന്ദ്രീകരിക്കുന്നതിന് ആന്റണി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് സാധാരണ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ അവഹേളിക്കുന്നതിന് സമാനമാണ്. ആന്റണി സമിതി പറഞ്ഞത് പോലെ ന്യൂനപക്ഷപ്രീണനം പരാജയകാരണമായിരുന്നെങ്കില്‍ അത് ആദ്യം വിളിച്ചു പറയേണ്ടത് രമേശ് ചെന്നിത്തലയെപ്പോലെ “താക്കോല്‍ സ്ഥാനത്തിരിക്കുന്ന” നേതാക്കളായിരുന്നു. എന്നാല്‍, മാസത്തില്‍ മൂന്ന് തവണ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന യാഥാര്‍ഥ്യബോധ്യമാണ് ചെന്നിത്തല പങ്ക് വെച്ചത്. വയലാര്‍ രവിയും ആന്റണിയുടെ കണ്ടെത്തലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ പരാജയകാരണം കണ്ടെത്തി പരിഹാരം കാണാനുള്ള സമയത്ത് വ്യക്തി താത്പര്യത്തിന് സംരക്ഷണം നല്‍കുന്നതാണ് ആന്റണിയുടെ റിപോര്‍ട്ടെന്ന് സംശയിക്കണം. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന പരിപാടി. ആറ് ദശാബ്ദം പിന്നിട്ട നമ്മുടെ ജനാധിപത്യ ചരിത്രത്തില്‍ 128 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി തകരാന്‍ പാടില്ലെന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരാണ് മുസ്‌ലിംകള്‍. അതുകൊണ്ടു തന്നെ യഥാര്‍ഥ കാരണങ്ങളിലേക്ക് കോണ്‍ഗ്രസ് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. കുറ്റങ്ങളും കുറവുകളും ക്യത്യമായി പഠിച്ച് പരിഹാരം കാണേണ്ടതുണ്ട്. മോദിയെ അധികാരത്തിലേറ്റിയതിന് ബി ജെ പിയെക്കാള്‍ കോണ്‍ഗ്രസ് പങ്ക് വഹിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എല്‍ കെ അഡ്വാനി പറഞ്ഞതില്‍ നിന്നെങ്കിലും പാഠമുള്‍ക്കൊള്ളണം കോണ്‍ഗ്രസ് നേതൃത്വം. അത്രമേല്‍ ജനവിരുദ്ധ നയങ്ങളായിരുന്നു ആന്റണി കൂടി കാര്‍മിക സ്ഥാനത്തുണ്ടായിരുന്ന മന്‍മോഹന്‍ സര്‍ക്കാറിന്റെത്. അദാനി മുതല്‍ അംബാനി വരെയുള്ള വരെ തൃപ്തിപ്പെടുത്തിയ കോര്‍പറേറ്റ് നയങ്ങളെന്തേ ചര്‍ച്ച ചെയ്യപ്പെടുന്നില്ല?
പാര്‍ട്ടിയുടെ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ആ വിഭാഗത്തിന് സംശയമുണ്ടായതായും ആന്റണി പറയുന്നുണ്ട്. സുശീല്‍കുമാര്‍ ഷിന്‍ഡേ എന്ന പഴയ ആഭ്യന്തര മന്ത്രിയോട് ചോദിച്ചാല്‍ അതിന്റെ കാരണവും വ്യക്തമാകും. ന്യൂപക്ഷ യുവാക്കളെ പ്രീണിപ്പിക്കുകയല്ല മറിച്ച് അകാരണമായി പീഡിപ്പിക്കുന്നതായും ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി വ്യാപകമായി ജയിലിലടക്കുന്നതായും ഉള്ള ആരോപണം ശരിവെക്കുന്നുവെന്ന് ഷിന്‍ഡെ പറഞ്ഞതാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട യുവാക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ കരുതലോടെ വേണമെന്ന് ഷിന്‍ഡെയെന്ന ആഭ്യന്തര മന്ത്രി, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പറഞ്ഞിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ലെങ്കിലും ആന്റണി പറഞ്ഞ പ്രീണനത്തിന്റെ അക്കൗണ്ടിലേക്ക് വരവ് വെക്കാന്‍ ഒരു കാരണമായി കണക്കാക്കാം. ഇനി സല്‍മാന്‍ ഖുര്‍ഷിദിനോടും ഗുലാം നബി ആസാദിനോടുമൊക്കെ ചോദിച്ചാല്‍ അവരും പറഞ്ഞു തരും തങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്നാരോപിച്ച് ഉത്തരേന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത സംഭവങ്ങള്‍. ന്യൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്‌ലിംകളെ, കുറ്റം പറഞ്ഞാല്‍ മതേതരവാദിയാകുമെന്നും അത് വഴി ബി ജെ പിയെയും മോദിയെയും തൃപ്തിപ്പെടുത്തി നിഷ്പക്ഷതയുടെ മുഖംമൂടി ധരിക്കാമെന്നും ആന്റണി കണക്ക് കൂട്ടുന്നുണ്ടാകാം. എന്നാല്‍, പാര്‍ട്ടിയുടെ അടിക്കല്ലിളക്കാനേ അത് ഉപകരിക്കുകയുള്ളൂവെന്ന് മനസ്സിലാക്കിയാല്‍ നല്ലത്. രാജ്യത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കായി മൃദു ഹിന്ദുത്വ നിലപാട് മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിക്കാതെ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ രാജ്യതാത്പര്യമാകേണ്ട കോണ്‍ഗ്രസ് രാഷ്ട്രീയം അമ്മയുടെയും മകന്റയും തീരുമാനത്തിലൊതുക്കാതെ പരിചയസമ്പന്നരായ കോണ്‍ഗ്രസ് നേതാക്കളിലേക്ക് കൈമാറിയില്ലെങ്കില്‍ മോദിയെയും അമിത് ഷായെയും നാം ഇനിയും ഒരുപാട് കാലം സഹിക്കേണ്ടിവരും.
ഗുജറാത്തില്‍ മോദി തീവ്ര ഹിന്ദുത്വം കത്തിച്ച് അധികാരം കൈയേറിയപ്പോള്‍ അതിനെ നേരിടുന്നതിനായി അവിടെ ആര്‍ എസ് എസും സംഘപരിവാറും തട്ടിപ്പടച്ചെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ശങ്കര്‍ സിംഗ് വഗേലയെ മുന്നില്‍ നിര്‍ത്തി മുദ്രാവാക്യം വിളിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൊണ്ട് “ദേഖോ, ദേഖോ.., കോന്‍ ആയാ നരേന്ദ്രമോദി കാ ബാപ്പ് ആയ” എന്ന മുദ്രാവാക്യം വിളിപ്പിച്ച് തീവ്രഹിന്ദുത്വത്തിന്റെ മോദിയേക്കാള്‍ അതിതീവ്ര ഹിന്ദുത്വത്തിന്റെ വഗേല ഞങ്ങള്‍ക്ക് മുന്നിലുള്ളത് കാണുന്നില്ലേയെന്ന സന്ദേശം കൈമാറിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയിലെ മോദിക്ക് ആന്റണിയിലൂടെ ശമനം ലഭിക്കുമെന്ന് പാര്‍ട്ടി കരുതുന്നുണ്ടോ?

Latest