വേണ്ടത് സമ്പൂര്‍ണ മദ്യനിരോധം: കാന്തപുരം

Posted on: August 29, 2014 11:48 pm | Last updated: August 29, 2014 at 11:48 pm

kanthapuram 2കോഴിക്കോട്: സമ്പൂര്‍ണ മദ്യനിരോധമാണ് സംസ്ഥാനത്ത് ആവശ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ബിയര്‍, വൈന്‍ തുടങ്ങി ഏത് പേരിലുള്ള മദ്യവും നിരോധിക്കണം. മദ്യം നിരോധിക്കുന്നതിന്റെ താത്പര്യം ലഹരി നിര്‍മാര്‍ജനമാണ്. പേര് മാറ്റി മദ്യം വില്‍പ്പന നടത്താനുള്ള നീക്കം ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ധൈര്യത്തോടെ മദ്യനിരോധത്തില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ സര്‍ക്കാറിനുണ്ടാകുമെന്നും കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏത് പേരിലുള്ള മദ്യവും ജനങ്ങളുടെ ബുദ്ധി നശിപ്പിക്കുന്നതും രാജ്യപുരോഗതിക്ക് തടസ്സവുമാണ്. എല്ലാ വിധ നീച, നികൃഷ്ട പ്രവര്‍ത്തനങ്ങളുടെയും ഉത്ഭവമാണ് മദ്യമെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പിന്നിലെല്ലാം മദ്യത്തിന് വലിയ പങ്കുണ്ടെന്നും കാന്തപുരം പറഞ്ഞു. മതചടങ്ങുകള്‍ക്ക് വൈന്‍ ഉപയോഗിക്കുമെന്ന ചില കൃസ്ത്യന്‍ സംഘടനകളുടെ വാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു മതവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കാന്തപുരം മറുപടി നല്‍കി. മദ്യനിരോധനത്തിലൂടെ ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാറിന് കഴിയണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.