Connect with us

Gulf

മാളുകള്‍ക്കും മെട്രോകള്‍ക്കും സമീപം വാഹന രജിസ്‌ട്രേഷന് സൗകര്യം ഒരുക്കും

Published

|

Last Updated

ദുബൈ: നഗരത്തിലെ മാളുകള്‍ക്കും മെട്രോ സ്‌റ്റേഷനുകള്‍ക്കും സമീപം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സൗകര്യം ഒരുക്കുന്നു. വാഹന ഉടമകളുടെ സൗകര്യം പരിഗണിച്ചാണ് ഇത്തരം ഒരു ഉദ്യമത്തിന് ആര്‍ ടി എ ഒരുങ്ങുന്നത്. ഇതോടൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനും വാഹനങ്ങളുടെ പിഴ അടക്കാനും സീസണല്‍ കാര്‍ പാര്‍ക്കിംഗിന് അപേക്ഷിക്കാനുമെല്ലാം ഉതകുംവിധമുള്ള സ്മാര്‍ട്ട് കിയോസ്‌കുകളാവും ആര്‍ ടി എ ആരംഭിക്കുക.
ആര്‍ ടി എയുടെ വിവിധ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ നിലവില്‍ ആറു കിയോസ്‌കുകള്‍ ഇത്തരം ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കിടയില്‍ 10 എണ്ണം കൂടി സ്ഥാപിക്കും.
ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം 24 മണിക്കൂറും ആര്‍ ടി എ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന് കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ അഹമ്മദ് മഹ്ബൂബ് വ്യക്തമാക്കി.
ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുകയെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിന്റെ ഭാഗം കൂടിയാണ് മാളുകളിലും മെട്രോകളിലും സ്മാര്‍ട്ട് കിയോസ്‌കുകള്‍ ഏര്‍പ്പെടുത്തുന്നത്. ഉപഭോക്താവിന്റെ തൃപ്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ആര്‍ ടി എ സ്ഥാപിച്ച കിയോസ്‌കുകളിലൂടെ 73,000 ഇടപാടുകളാണ് നടന്നതെന്നും മഹ്ബൂബ് വെളിപ്പെടുത്തി.