Connect with us

Gulf

നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നു രണ്ടു പേര്‍ മരിച്ചു

Published

|

Last Updated

ഷാര്‍ജ: നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. കിംഗ് ഫൈസല്‍ സ്ട്രീറ്റിലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ഉപയോഗിച്ചിരുന്ന ലിഫ്റ്റാണ് തകര്‍ന്നു വീണത്. രണ്ടു തൊഴിലാളികളും തല്‍ക്ഷണം മരിച്ചു. ഒമ്പതാം നിലയില്‍ നിന്നായിരുന്നു ബുധനാഴ്ച ലിഫ്റ്റ് തകര്‍ന്നു നിലംപതിച്ചത്.

അപകടത്തില്‍ മരിച്ച തൊഴിലാളികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ഇവര്‍ അനധികൃത തൊഴിലാളികളാണെന്നും ഷാര്‍ജ പോലീസ് വ്യക്തമാക്കി. നിര്‍മാണം ഏറ്റെടുത്ത കമ്പനിയാണ് രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്തത്. അപകടം നടന്ന ഉടന്‍ ഇവരെ അല്‍ കുവൈത്ത് ഹോസ്പിറ്റലിലേക്കും അല്‍ ഖാസിമി ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും അപടസ്ഥലത്തു തന്നെ ഇരുവരും മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇരുവരുടെയും മൃതദേഹങ്ങള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിര്‍മാണ കമ്പനിയുടെ മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പല കമ്പനികളും സ്‌പോണ്‍സര്‍മാരില്‍ നിന്നും രക്ഷപ്പെട്ട് എത്തുന്നവരെയും രാജ്യത്തേക്ക് അനധികൃതമായി കുടിയേറിയവരെയും ജോലിക്ക് വെക്കുന്നതായി പോലീസും താമസ കുടിയേറ്റ വകുപ്പും നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. ചെറിയ കൂലിക്ക് ഇത്തരക്കാരെ ജോലിക്കു ലഭിക്കുമെന്നതാണ് കമ്പനികളെ നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്നത്.
വ്യാപകമായി ഇത്തരക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അനധികൃത തൊഴിലാളികളെ സംരക്ഷിക്കുകയും ജോലിക്കു നിര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് അധികൃതര്‍ കനത്ത പിഴ ഈടാക്കാന്‍ ആരംഭിച്ചത്. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇത്തരം നിയമ ലംഘനം നടത്തിയതായി തെളിഞ്ഞാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വിസ ലഭിക്കാനും നിലവിലെ വിസ പുതുക്കാനും മറ്റു സേവനങ്ങള്‍ക്കുമെല്ലാം തടസം നേരിടും. സര്‍ക്കാര്‍ കര്‍ശനമായ നടപടികളുമായി മുന്നേറുമ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നവെന്നതിന് തെളിവായി മാറിയിരിക്കയാണ് തൊഴിലാലികളുടെ മരണം. അനധികൃത തൊഴിലാളികള്‍ വ്യാപകമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ബോധ്യപ്പെട്ടതും നിലപാട് കര്‍ശനമാക്കാന്‍ യു എ ഇ ഭരണകൂടത്തെ പ്രേരിപ്പിച്ച ഘടകമാണ്.

 

---- facebook comment plugin here -----

Latest