Connect with us

Kozhikode

കഞ്ചാവ് മൊത്ത വിതരണ കേന്ദ്രം

Published

|

Last Updated

kanchavകോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന മൊത്തക്കച്ചവടത്തിന്റെ കേന്ദ്രമായി കോഴിക്കോട് മാറുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കഞ്ചാവുമായി നിരവധി പേരാണ് ജില്ലയില്‍ അറസ്റ്റിലായത്. ഇതില്‍ പലരും മൊത്തക്കച്ചവടക്കാരാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറ് കിലോയോളം കഞ്ചാവാണ് കോഴിക്കോട്ടെ നഗര, ഗ്രാമങ്ങളില്‍ നിന്നായി എക്‌സൈസും പോലീസും പിടികൂടിയത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ ബുധനാഴ്ച ഒന്നരക്കിലോ കഞ്ചാവുമായി മഞ്ചേരി പൂഴിക്കോത്ത് അബ്ദുല്‍ അസീസിനെയും ചൊവ്വാഴ്ച രണ്ട് കിലോ കഞ്ചാവുമായി മലപ്പുറം പൂകളത്തൂര്‍ ശംസുദ്ധീനെയും പോലീസ് പിടികൂടി. ഇവര്‍ രണ്ട് പേരും മൊത്തക്കച്ചവടക്കാരായിരുന്നു.

തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് കോഴിക്കോട്ടേക്കും പരിസര പ്രദേശങ്ങളിലേക്കും എത്തുന്നത്. മുന്‍കാലങ്ങളില്‍ കഞ്ചാവ് കടത്തിന് ട്രെയ്‌നുകളെയാണ് ഉപയോഗിച്ചരുന്നതെങ്കില്‍ ഇപ്പോള്‍ ടൂറിസ്റ്റ് ബസുകളിലാണ് കഞ്ചാവ് എത്തുന്നത്. കാര്യമായ പരിശോധനകള്‍ നടക്കില്ലെന്നതാണ് ബസുകളെ ആശ്രയിക്കാന്‍ കഞ്ചാവ് കടത്തുകാരെ പ്രേരിപ്പിക്കുന്നത്. വന്‍കിട കഞ്ചാവ് കടത്തുകാര്‍ ജില്ലയിലെ ലഹരി റാക്കറ്റുകള്‍ക്ക് കഞ്ചാവ് കൈമാറുകയാണ് നേരത്തെ ചെയ്തിരുന്നതെങ്കില്‍ കൂടുതല്‍ ലാഭം നേടി ഇവിടെ നിന്ന് ഏജന്റുമാര്‍ ഇപ്പോള്‍ നേരിട്ട് തമിഴ്‌നാട്ടിലെത്തുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കി വഴിയാണ് പ്രധാനമായും ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. കോഴിക്കോട്ട് നിന്നാണ് കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുപോകുന്നത്.
സ്‌കൂള്‍ കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെടുന്നത് തടയാന്‍ സ്‌കൂള്‍ ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരത്തെ സ്‌കൂള്‍ പരിസരത്ത് വെച്ചാണ് മയക്കുമരുന്ന് നല്‍കിയിരുന്നത്. എന്നാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇപ്പോള്‍ നഗരത്തിലെ ചില കേന്ദ്രങ്ങളിലേക്ക് സ്‌കൂള്‍ കുട്ടികളെ എത്തിച്ച് മയക്കുമരുന്ന് നല്‍കുകയാണ് ചെയ്യുന്നത്. ഇതിനായി പല കോഡുകളും ഉപയോഗിക്കുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഷാഡോ പോലീസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്നാല്‍ തങ്ങള്‍ പിടികൂടുന്നതിന്റെ എത്രയോ ഇരട്ടി കഞ്ചാവും മയക്കുമരുന്നുകളും ഏജന്റുമാര്‍ രഹസ്യമായി വിതരണം ചെയ്യുന്നുവെന്ന് ഷാഡോ പോലീസ് സമ്മതിക്കുന്നു.
ജില്ലയിലെ ചില മയക്കുമരുന്ന് വില്‍പ്പനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെ കുറിച്ചുള്ള പട്ടിക ഷാഡോ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. പോലീസ് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവരെ രഹസ്യമായി നിരീക്ഷിച്ചാണ് മയക്കുമരുന്ന് പിടികൂടുന്നത്. അതേസമയം, പോലീസിന്റെ തന്ത്രങ്ങളറിഞ്ഞ് ചില മയക്കുമരുന്ന് ഏജന്റുമാര്‍ തത്കാലം മയക്കുമരുന്ന് വിതരണത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാര്‍ക്ക് ഇവര്‍ മറ്റു ചില ഏജന്റുമാരെ റിക്രൂട്ട് ചെയ്ത് നല്‍കുകയാണ് ചെയ്തിട്ടുള്ളത്.
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടര്‍ന്ന് ഇതിനെതിരെ ജാഗ്രത പാലിക്കുന്നതിന് പോലീസ് സ്‌കൂള്‍ പി ടി എകളെ സമീപിച്ചിരുന്നു. മയക്കുമരുന്നിന് അടിമകളാണെന്ന് സംശയിക്കുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഇവര്‍ എവിടെയൊക്കെ പോകുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ നിരീക്ഷണവും മയക്കുമരുന്ന് വിതരണക്കാരെ പിടികൂടുന്നതിന് പോലീസിനെ വലിയതോതില്‍ സഹായകമാകുന്നുണ്ട്. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി മയക്കുമരുന്ന് വിതരണക്കാര്‍ ഇപ്പോള്‍ പ്രത്യേക താവളങ്ങള്‍ ഒഴിവാക്കി നഗരത്തിലെ പലയിടങ്ങളിലും നിലയുറപ്പിക്കുകയാണ് പതിവ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വില്‍പ്പനക്കാരെ തിരിച്ചറിയുന്നതിന് വേണ്ടി ചില സിഗ്നലുകള്‍ വില്‍പനക്കാര്‍ നല്‍കും. അതുകൊണ്ടു തന്നെ എവിടെയായാലും വില്‍പ്പനക്കാരെ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് പ്രയാസമില്ല.
പാന്‍ പരാഗ്, ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ വിപണനം നിരോധിച്ചതോടെ സ്ഥിരമായി പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നവര്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വന്‍തോതില്‍ കടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Latest