Connect with us

Thrissur

കടപ്പുറം പഞ്ചായത്ത് ഭരണത്തിലെ യു ഡി എഫ് ധാരണ പൊളിയുന്നു

Published

|

Last Updated

കടപ്പുറം: കടപ്പുറം പഞ്ചായത്ത് ഭരണത്തിലെ യു ഡി എഫ് ധാരണ പൊളിയുന്നു. ഭരണത്തിന്റെ അവസാനത്തെ ഒന്നര വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിന് നല്‍കണമെന്ന തീരുമാനം ലീഗുകാര്‍ തന്നെ അട്ടിമറിച്ചു.
ലീഗിലെ കടുത്ത ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ വൈസ് പ്രസിഡന്റ് സ്ഥാനം ഇപ്പോള്‍ ചോദിച്ചു വാങ്ങേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പ്രീണിപ്പിച്ച് നിര്‍ത്തുന്നതിനുള്ള തന്ത്രമാണ് ഇതെന്ന് പറഞ്ഞ് ലീഗ് നേതാക്കള്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ചിലരാണ് കോണ്‍ഗ്രസിനെ സുഖിപ്പിക്കാന്‍ ലീഗിന് അവകാശപ്പെട്ട സ്ഥാനം അടിയറ വെക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ധാരണ പ്രകാരം മുസ്്‌ലിംലീഗിലെ ആര്‍ എസ് മുഹമ്മദ് മോനാണ് വൈസ് പ്രസിഡന്റാവേണ്ടത്. എന്നാല്‍ ആര്‍ എസ് മുഹമ്മദ് മോന് വേണ്ടി വാദിക്കാന്‍ കടപ്പുറത്ത് ആരുമില്ല എന്നതാണ് കോണ്‍ഗ്രസിന് സഹായകമാവുന്നത്.
ധാരണ സമയത്ത് പി വി ഉമ്മര്‍കുഞ്ഞി പ്രസിഡന്റും പി കെ ബഷീര്‍ ജനറല്‍ സെക്രട്ടറിയും ആര്‍ എസ് മുഹമ്മദ് ഖജാഞ്ചിയുമായ കമ്മിറ്റിയാണ് ലീഗിന് കടപ്പുറത്ത് ഉണ്ടായിരുന്നത്. ധാരണ പ്രകാരം അന്ന് സീനത്ത് ഇഖ്ബാല്‍ പ്രസിഡന്റാവുകയും രണ്ടര വര്‍ഷത്തിനു ശേഷം സീനത്ത് ഇഖ്ബാല്‍ രാജിവച്ച് പ്രസിഡന്റായി റംല അഷറഫ് സ്ഥാനമേല്‍ക്കുകയും ചെയ്തു. അന്ന് ആര്‍ എസ് മുഹമ്മദ് മോനെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പാര്‍ട്ടി തീരുമാനിച്ചെങ്കിലും ഇതിനെ ധിക്കരിച്ച് ഇന്നത്തെ മുസ്‌ലിംലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായ അബ്ദുല്‍ കരീം മത്സരിക്കുകയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാവുകയും ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് കരീമിനെ പാണക്കാട് തങ്ങള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത് അബ്ദുല്‍ കരീം തന്നെയാണ്.
ധാരണ നടപ്പിലാക്കാന്‍ ബാധ്യതയുള്ള നേതൃത്വം പാര്‍ട്ടിക്കില്ലാത്തതാണ് പഞ്ചായത്ത് ഭരണത്തിലെ യു ഡി എഫ് ധാരണ പൊളിയാന്‍ കരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.