Connect with us

Ongoing News

പിടിവിടാതെ ടൈറ്റാനിയം; അപ്രതീക്ഷിത ആഘാതം

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സ് സ്‌ക്രൂട്‌നിക്ക് പലവട്ടം വിധേയമായതാണെങ്കിലും ടൈറ്റാനിയം അഴിമതി കേസ് ഉമ്മന്‍ ചാണ്ടിയെ വിടാതെ പിന്തുടരുകയാണ്. പാമോലിന്‍കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കുറ്റവിമുക്തനായത് പോലെ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ ടൈറ്റാനിയം കേസും അവസാനിക്കുമെന്ന് കരുതിയതാണ്. എന്നാല്‍, ഈ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്നതായി ഇന്നലെത്തെ വിജിലന്‍സ് കോടതി ഉത്തരവ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടി അന്വേഷണ പരിധിയിലേക്ക് വരുന്നുവെന്നതാണ് കേസിലെ പുതിയ ദിശ. രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയുമോയെന്ന ചോദ്യത്തിനും കോടതി ഉത്തരവ് വഴി തുറക്കുന്നു.

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ മുമ്പ് വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് സമാനമാണ് പുതിയ സാഹചര്യം. അന്ന് ഉമ്മന്‍ ചാണ്ടിയുടെ രാജിക്കായി ശക്തമായ മുറവിളി ഉയര്‍ന്നതാണ്. മുഖ്യമന്ത്രി പദം രാജിവെച്ചില്ലെങ്കിലും വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉമ്മന്‍ ചാണ്ടി ഏല്‍പ്പിച്ചു. രമേശ് ചെന്നിത്തലയും ഈ വഴി പിന്തുടരുമോയെന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ നേരിട്ട് ബന്ധമില്ലാത്ത സാഹചര്യത്തില്‍ അന്വേഷണ ഉത്തരവ് വെറും സാങ്കേതികത്വം മാത്രമാണെന്നാണ് രമേശുമായി അടുപ്പമുള്ളവര്‍ പറയുന്നത്. കോടതി ഉത്തരവ് വന്നതിന് പിന്നാലെ കേസില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ ആരാഞ്ഞു. വി കെ ഇബ്‌റാഹിം കുഞ്ഞ് കൂടി കേസിലുള്‍പ്പെട്ടതോടെ മുസ്‌ലിം ലീഗും സമ്മര്‍ദത്തിലാണ്.
2003ലാണ് ടൈറ്റാനിയം നവീകരണ പദ്ധതിയുടെ തുടക്കം. കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന സി കെ ജയറാം മലിനീകരണ നിയന്ത്രണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടക്കം. മലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക മാത്രമേ വഴിയുള്ളൂവെന്ന് കമ്പനി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കമ്പനി പൂട്ടുന്ന സാഹചര്യം വരുമെന്ന വാദവും ഉയര്‍ന്നു. 2005-06ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും വി കെ ഇബ്‌റാഹിം കുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കെയാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ടൈറ്റാനിയത്തില്‍ ഏതാണ്ട് 250 കോടിയിലേറെ രൂപ ചെലവ് വരുന്ന പദ്ധതി അനാവശ്യമാണെന്നും പദ്ധതി നടപ്പാക്കിയാല്‍ ടൈറ്റാനിയം തകരുമെന്ന വാദവും ഇതിനിടെ ഉയര്‍ന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. നേരത്തെ രൂപം നല്‍കിയ 108 കോടി രൂപയുടെ പദ്ധതി അട്ടിമറിച്ച് മെക്കോണ്‍ എന്ന മറ്റൊരു കമ്പനിയെക്കൊണ്ട് പുതിയ പദ്ധതിയുണ്ടാക്കിയെന്നാണ് പ്രധാന ആക്ഷേപം. 256 കോടി രൂപയുടെ പദ്ധതിക്കാണ് രണ്ടാമത് രൂപം നല്‍കിയത്. വിവിധ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 40 കോടി മുതല്‍ 80 കോടി രൂപ വരെയുളള പദ്ധതി നിര്‍ദേശങ്ങള്‍ പരിഗണിക്കാതെയായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫെഡ്‌കോ 85 കോടി രൂപക്ക് പദ്ധതി നടപ്പാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അവര്‍ക്ക് കരാര്‍ കൊടുത്തില്ല. വിദഗ്ധ സമിതിയും മന്ത്രിസഭയും അംഗീകരിക്കുന്നതിന് മുമ്പ് തന്നെ 256 കോടി രൂപയുടെ കരാര്‍ അംഗീകരിച്ചു. പദ്ധതിക്കായി 62 കോടി രൂപയുടെ ഉപകരണങ്ങള്‍ ധൃതിപിടിച്ച് ഇറക്കുമതി ചെയ്തതിനു പിന്നിലും അഴിമതിയുണ്ടെന്ന് ആക്ഷേപമുയര്‍ന്നു.
യൂനിയന്‍ ബേങ്ക്, ഫെഡറല്‍ ബേങ്ക്, എസ് ബി ടി എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്താണ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്. ഉപകരണങ്ങള്‍ 2006 ല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇറക്കുമതി ചെയ്തത്. അവയിപ്പോഴും കമ്പനിയില്‍ ഉപയോഗശൂന്യമായ നിലയില്‍ തുരുമ്പെടുത്തു. എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച പുഷ്പവനം കമ്മിറ്റി പദ്ധതിയില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും നടപ്പിലാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് പദ്ധതി റദ്ദാക്കിയത്.
പിന്നീട്, സുപ്രീം കോടതി മോണിറ്ററിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും ഹൈക്കോടതിയുടെയും അനുമതിയോടു കൂടി 85 കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കുകയും പ്ലാന്റ് ഏറെക്കുറെ പ്രവര്‍ത്തന സജ്ജമാകുകയും ചെയ്തു.

---- facebook comment plugin here -----

Latest