അന്താരാഷ്ട്ര സൂഫിസം കോണ്‍ഫറന്‍സ് സമാപിച്ചു

Posted on: August 29, 2014 12:56 am | Last updated: August 29, 2014 at 12:56 am

FROM MARKAZ International Sufi Conferenceഗ്രോസ്‌നി (ചെച്‌നിയ); ചെച്‌നിയന്‍ തലസ്ഥാനമായ ഗ്രോസ്‌നിയില്‍ നടന്ന അന്താരാഷ്ട്ര സൂഫിസം കോണ്‍ഫറന്‍സ് സമാപിച്ചു. ‘സൂഫിസം: രാഷ്ട്ര സ്ഥിരതക്കും പൗര സുരക്ഷക്കും’ എന്ന വിഷയത്തില്‍ ബുധനാഴ്ച ആരംഭിച്ച അന്താരാഷ്ട്ര സമ്മേളനം ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ അഹ്മദോവിച്ച് ഖദിറോവാണ്് സംഘടിപ്പിച്ചത്. ലോകത്ത് പൊതുവെയും മുസ്‌ലിം രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചുമുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ തസവ്വുഫിന്റെ ആനുകാലിക സാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സമൂഹങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരേണ്ട സഹിഷ്ണുതയും നൈതികതയും തിരിച്ചു പിടിക്കുന്നതില്‍ സൂഫിസത്തിനുള്ള പങ്ക് വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്തു. തീവ്രവാദ പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികളെ കുറിച്ചും വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തിയ സൂഫികളുടെ കാര്‍മികത്വത്തില്‍ പണ്ഡിതന്മാരും അക്കാദമിക വിദഗ്ധരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ചെച്‌നിയന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഈജിപ്ത് ഗ്രാന്റ് മുഫ്തി ഡോ. ശൗഖി അല്ലാം ഉദ്ഘാടനം ചെയ്തു. കൊക്കേഷ്യന്‍ ഉലമാ കൗണ്‍സില്‍ പ്രസിഡന്റ് ശൈഖ് ഹോജ അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി സംബന്ധിച്ചു. ‘ഇസ്‌ലാമിക ജ്ഞാന പരമ്പരയില്‍ സൂഫിസത്തിന്റെ സ്ഥാനം’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു.
യമനിലെ ദാറുല്‍ മുസ്തഫ സര്‍വകലാശാല ചാന്‍സിലര്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ്, താബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് ഹബീബ് അലി സൈനുല്‍ ആബിദീന്‍ ജിഫ്രി യു എ ഇ, ശൈഖ് ഹബീബ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അസ്സഖാഫ് ജിദ്ദ, െൈശഖ് അബ്ദുല്‍ ഹാദി അല്‍ ഖസബി ഈജിപ്ത്, ശൈഖ് ഇസ്മാഈല്‍ അല്‍ കുര്‍ദി സംബന്ധിച്ചു.