‘ഓര്‍മയില്‍ ഒളിപ്പിച്ച് മറവികള്‍’ പ്രകാശനം നാളെ കല്‍പ്പറ്റയില്‍

Posted on: August 28, 2014 10:31 am | Last updated: August 28, 2014 at 10:31 am

കല്‍പ്പറ്റ: മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപിക പ്രീത ജെ പ്രിയര്‍ദര്‍ശിനിയുടെ ആദ്യ കവിതാ സമാഹാരമായ ‘ഓര്‍മയില്‍ ഒളിപ്പിച്ച് മറവികള്‍’ വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ പ്രകാശനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എം പി വീരേന്ദ്രകുമാര്‍ പ്രകാശനം നിര്‍വഹിക്കും. അര്‍ഷാദ് ബത്തേരി പുസ്തകം ഏറ്റുവാങ്ങും. വരയും അവതാരികയുമെഴുതിയ സോമന്‍ കടലൂര്‍ പുസ്തകത്തെ പരിചയപ്പെടുത്തും. പ്ലാവില ബുക്‌സാണ് പുസ്തകം വായനക്കാരനിലെത്തിക്കുന്നത്. സാദിര്‍ തലപ്പുഴ, വി ജി വിജയന്‍, കൃഷ്ണവേണി, ഷാജി പുല്‍പ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സാമൂഹിക ഉത്കണ്ഠകളെ നിശിതവും സൂക്ഷ്മവുമായി വരച്ചുകാണിക്കുന്ന കവിതകളില്‍ കരുണയും, പ്രണയവും, പ്രതിരോധവും പ്രകടമാകുന്നുണ്ട്. ജന്മംകൊണ്ട് കൊല്ലം ശാസ്താംകോട്ടക്കാരിയായ പ്രീത പഠനം നടത്തിയത് കോഴിക്കോട് ജില്ലയിലാണ്. ചാലപ്പുറം ഗണപത് ഹൈസ്‌കൂളിലം പ്രോവിഡന്‍സ് കോളജിലുമായിരുന്നു പഠനം. സാഹിത്യകാരായ കുഞ്ഞുണ്ണി വെങ്കിടങ്ങിന്റെയും ജാനമ്മ കുഞ്ഞുണ്ണിയടെയും മകളാണ്. കല്‍പ്പറ്റയില്‍ സ്ഥിരതാമസക്കാരിയായ പ്രീതയുടെ ഭര്‍ത്താവ് ജി ഹരിലാല്‍ വൈത്തിരി മണ്ണ് സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ്. വിദ്യാര്‍ഥികളായ നയന്‍താര, ആനന്ദ് ചന്ദ്രഹരി എന്നിവര്‍ മക്കളും. വാര്‍ത്താസമ്മേളനത്തില്‍ പ്രീത ജെ പ്രിയദര്‍ശിനിയോടൊപ്പം സ്വഗതസംഘം ചെയര്‍മാന്‍ ടി എന്‍ വിപിന്‍ ബോസ്, നാസര്‍ പാലൂര്‍, പി സിജോണ്‍ എന്നിവരും പങ്കെടുത്തു.