മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കിയില്ല

Posted on: August 28, 2014 10:19 am | Last updated: August 28, 2014 at 10:19 am

kerala_fishermenപരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഇതുവരെയും നല്‍കിയില്ല. കഴിഞ്ഞ അധ്യായന വര്‍ഷം നല്‍കേണ്ട ആനുകൂല്യങ്ങളാണ് പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കാതിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ആനുകൂല്യം നല്‍കുന്നത് ഫിഷറീസ് വകുപ്പ് നേരിട്ടാണ്. മത്സ്യത്തൊഴിലാളി വിഭാഗങ്ങളിലെ വിവിധ ആനുകൂല്യങ്ങള്‍ കുടിശ്ശികയുള്ളത് വിതരണം ചെയ്യാന്‍ നടപടിയായിട്ടു പോലും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന ആനുകൂല്യം നല്‍കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മെട്രിക്കുലേഷന് മുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഏറെ വിനയായിട്ടുണ്ട്. ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് സര്‍ക്കാരിന്റെ പുറം തിരിഞ്ഞുള്ള നടപടി ഏറെ സാമ്പത്തിക പ്രയാസങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഉടന്‍ വിതരണം ചെയ്യാന്‍ നടപടി ഉണ്ടാകണമെന്നും ഉന്നത പഠനം ആഗ്രഹിക്കുന്ന മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ആനുകൂല്യത്തിന് സൗകര്യം ഒരുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.