Connect with us

Kozhikode

കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യവില്‍പ്പന വര്‍ധിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: കേരളത്തില്‍ ബാ റുകള്‍ അടച്ചുപൂട്ടിയതോടെ കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യവില്‍പ്പന വര്‍ധിച്ചു. അതിര്‍ത്തി ഗ്രാമങ്ങളായ പാട്ടവയല്‍, താളൂര്‍, എരുമാട്, അയ്യംകൊല്ലി, ചേരമ്പാടി, നാടുകാണി തുടങ്ങിയ സ്ഥലങ്ങളിലാണ് മദ്യവില്‍പ്പന ഗണ്യമായി വര്‍ധിച്ചിരിക്കുന്നത്.
മദ്യഷാപ്പുകളില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കേരളത്തില്‍ നിന്ന് മദ്യം വാങ്ങാന്‍ ധാരാളം പേര്‍ അതിര്‍ത്തി ഗ്രാമങ്ങളിലെത്തുന്നുണ്ട്. മദ്യഷാപ്പുകള്‍ക്ക് മുമ്പില്‍ ഇപ്പോള്‍ നീണ്ട ക്യുവാണ്. കേരളത്തില്‍ ബാറുകള്‍ പൂട്ടിയത് മദ്യപാനികള്‍ക്ക് വലിയ പ്രയാസമായിരിക്കുകയാണ്. വന്‍തുക ചെലവഴിച്ചാണ് അതിര്‍ത്തികളല്‍ മദ്യം വാങ്ങാനെത്തുന്നത്. തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യഷാപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിച്ചുവരുന്നതായാണ് പറയപ്പെടുന്നത്. ചിലയിടങ്ങളില്‍ സ്ഥലംനോക്കിയതായും പറയപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ആവശ്യക്കാരെ പരിഗണിച്ചാണ് സര്‍ക്കാര്‍ മദ്യഷാപ്പുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുന്നത്. ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് മദ്യഷാപ്പുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പും നടത്തിവരികയാണ്.
കേരളത്തില്‍ ബാറുകള്‍ പൂട്ടിയത് കൊണ്ട് മദ്യപരുടെ എണ്ണം കുറക്കാന്‍ സാധിക്കും. അതേസമയം കേരളത്തില്‍ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും മദ്യം നിരോധിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഇതിനോടകം തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടും ഈ വിഷയത്തില്‍ കേരളത്തിന്റെ മാതൃക പിന്‍പറ്റണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Latest