കൈക്കൂലി: പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; സെക്രട്ടറി അറസ്റ്റില്‍

Posted on: August 28, 2014 12:49 am | Last updated: August 28, 2014 at 12:49 am

പേരാമ്പ്ര: കുറ്റിയാടി റോഡില്‍ വര്‍ഷാ തിയറ്ററിനു സമീപം പുതിയ സ്ഥാപനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ആരോപണ വിധേയനായ പഞ്ചായത്ത് സെക്രട്ടറിയുടെ മേശപ്പുറത്ത് നിന്ന് 5,000 രൂപ വിജിലന്‍സ് സംഘം കണ്ടെടുത്തു. ചപ്പാത്തിക്കട തുടങ്ങുന്നതിനുള്ള ലൈസന്‍സ് അനുവദിക്കാന്‍ തന്നോട് 10,000 രൂപ ആവശ്യപ്പെട്ടുവെന്ന് സി കെ സലാം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. ഒടുവില്‍ 5,000 രൂപക്ക് സെക്രട്ടറി ലൈസന്‍സ് അനുവദിച്ചു തരാമെന്ന് വ്യക്തമാക്കിയെന്ന് വിജിലന്‍സിനെ അറിയിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് നല്‍കി. ഇന്നലെ രാവിലെ ഈ തുകയുമായി പരാതിക്കാരന്‍ ഗ്രാമപഞ്ചാത്ത് സെക്രട്ടറിയുടെ മുറിയില്‍ പ്രവേശിച്ചു. അല്‍പ്പ സമയത്തിനകം വിജിലന്‍സ് വിഭാഗമെത്തി നോട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സെക്രട്ടരി വട്ടോളി സ്വദേശി പത്മരാജ(53) നെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വിജിലന്‍സ് ഡി വൈ എസ് പി. കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പരിശോധന നടത്തിയത്.