Connect with us

Editorial

ലൗജിഹാദുമായി വീണ്ടും

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കയാണ് ബി ജെ പി. ഹിന്ദുത്വ അജന്‍ഡകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തതെന്ന നിഗമനത്തില്‍ അവ കൂടുതല്‍ തീവ്രമാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് നേതൃനിരകളില്‍ ഈയിടെ നടന്ന അഴിച്ചുപണികളും പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളും വ്യക്തമാക്കുന്നത്. ഈ മാസം 23,24ന് മഥുരയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ലൗജിഹാദ് പ്രചാരണത്തിന് തീവ്രത പകരുന്ന നേതാക്കളുടെ പ്രസംഗങ്ങളും ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹിന്ദു യുവതികളെ മതപരിവര്‍ത്തനം ചെയ്യാന്‍ രാജ്യത്ത് ആസൂത്രിത ശ്രമം നടക്കുക്കുന്നുണ്ടെന്നാണ് ഉത്തര്‍പ്രദേശ് ബി ജെ പി അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്പായി യോഗത്തില്‍ ആരോപിച്ചത്. ലൗ ജിഹാദ് ആശങ്കയുണര്‍ത്തുന്ന വിഷയമായതിനാല്‍ പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന ബി ജെ പി എം പിയും ബോളിവുഡ് നടിയുമായ ഹേമമാലിനിയുടെ പ്രസ്താവനയിലും പ്രശ്‌നം കത്തിച്ചു നിര്‍ത്താനുള്ള പാര്‍ട്ടി നിലപാട് തെളിഞ്ഞു കാണാവുന്നതാണ്. മീറത്തിലെ ഖര്‍കോഡയില്‍ ഒരു ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം മതം മാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന കെട്ടുകഥ ചേര്‍ത്ത ലഘുലേഖയും പാര്‍ട്ടി വ്യാപകമായി വിതരണം ചെയ്തു വരുന്നു. മുസ്‌ലിമാണെന്ന കാര്യം മറച്ചുവെച്ചു ഒരാള്‍ തന്നെ വിവാഹം ചെയ്‌തെന്നും വിവാഹത്തിനു ശേഷം മതംമാറ്റത്തിന് നിര്‍ബന്ധിച്ചുവെന്നുമുള്ള ദേശീയ റൈഫിള്‍ താരം താരാ സഹ്ദിയുടെ പരാതിക്കും ഇത്തരമൊരു പശ്ചാത്തലമുണ്ടോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്.
കേരളത്തിലും കര്‍ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ചു ഇസ്‌ലാമിലേക്ക് മതം മാറ്റാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഏതാനും വര്‍ഷം മുമ്പ് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് ലൗജിഹാദ് വിവാദത്തിന് തുടക്കമിത്. ഇതിന്റെ തുടര്‍ച്ചയായി ആയിരക്കണക്കിന് അമുസ്‌ലിം പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ അകപ്പെട്ടതായി ജില്ല തിരിച്ചുള്ള കണക്കുകളും ചില മുസ്‌ലിംവിരുദ്ധ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കലാലയ ക്യാമ്പസുകളില്‍ നടക്കാറുള്ള വ്യത്യസ്ത മതവിഭാഗക്കാര്‍ക്കിടയിലെ പ്രണയങ്ങളില്‍ നിന്ന് മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്നവയെ മാത്രം എടുത്തുകാട്ടി ഇതിന് തെളിവും നിരത്തി. അവസാനം വിഷയം കോടതിപ്പടി കയറി. അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിനൊടുവില്‍ ഒരു ഹിന്ദുത്വ വെബ്‌സൈറ്റാണ് ലൗ ജിഹാദ് പ്രചാരണത്തിന് പിന്നിലെന്നും ഇതൊരു നുണബോംബാണെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഒരു മുസ്‌ലിം യുവ ജന സംഘടനയുടെ പേരില്‍ വെബില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും മറ്റും വ്യാജമാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. മതം മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ചിലരുടെ ഭാഗത്തു നിന്നുള്ള കേവല ആരോപണങ്ങളല്ലാതെ അതിന് പിന്തുണ നല്‍കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് അന്നത്തെ ഡി ജി പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചത്. മുന്നും പിന്നും നോക്കാതെ ലൗ ജിഹാദ് പ്രശ്‌നം പ്രസിദ്ധീകരിച്ചു കേരളത്തിലെ സാമുദായികാന്തരീക്ഷത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഒരുമ്പെട്ട മലയാള പത്രത്തിന് അവസാനം ലൗ ജിഹാദ് നിഷേധിക്കേണ്ടി വന്നു.
കര്‍ണാടകയിലെ ലൗ ജിഹാദ് പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. “ലൗ ജിഹാദ്” വഴി ദക്ഷിണ കന്നഡയില്‍ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടുവെന്നായിരുന്നു ഹിന്ദു തീവ്രവാദി സംഘടനകളുടെ ആരോപണം. എന്നാല്‍ 2009 സെപ്തംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കര്‍ണാടകയില്‍ കാണാതായതെന്നും അവരില്‍ 332 പേരെ കണ്ടെത്തിയതായും ഇതെക്കുറിച്ചു അന്വേഷിച്ച പോലീസ് വ്യക്തമാക്കി. അവശേഷിക്കുന്ന 57 പേരില്‍ ഹിന്ദു യുവതികള്‍ മാത്രമല്ല, വ്യത്യസ്ത മതക്കാരുണ്ടെന്നും പോലീസ് റിപോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലും കര്‍ണാകടയിലും ചെലവാകാതെ പോയ ലൗ ജിഹാദ് പ്രചാരണമാണ് ഉത്തരേന്ത്യയില്‍ സജീവമാക്കി വര്‍ഗീയ ധ്രുവീകരണത്തിന് ബി ജെ പി ഇപ്പോള്‍ ശ്രമിക്കുന്നത്. വ്യക്തിപരമായ നിസ്സാര വഴക്കുകള്‍ പോലും വര്‍ഗീയ സംഘര്‍ഷത്തിന് വഴി മാറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് വര്‍ഗീയത ആളിക്കത്തിക്കുകയും ആസന്നമായ ഉപതിരഞ്ഞുടുപ്പുകളില്‍ ബി ജെ പിക്ക് ഗുണപ്രദമാകുകയും ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. രാഷ്ട്രീയ നേട്ടത്തിന് എതു കുത്സിത മാര്‍ഗവും സ്വീകരിക്കുന്ന ഈ പ്രവണത അപകടകരമാണ്. വികസന, ജനക്ഷേമ പരിപാടികളെ മുന്‍നിര്‍ത്തി ജനങ്ങളെ സമീപിക്കുന്നതിനു പകരം, വര്‍ഗീയ വൈകാരികതയില്‍ അവരെ തളച്ചിടുന്ന ഫാസിസ്റ്റ് നിലപാടിനെതിരെ മതേതര കക്ഷികള്‍ യോജിച്ച് മുന്നേറിയില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ആശങ്കാജനകമായിരിക്കും.

Latest