Connect with us

Wayanad

മഹാളി രോഗം നിയന്ത്രണവിധേയമായില്ല കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കണം

Published

|

Last Updated

വൈത്തിരി: മഞ്ഞളിപ്പും മഹാളി രോഗവും കവുങ്ങ് കൃഷിയെ വിട്ടൊഴിയുന്നില്ല. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും രോഗം പടരുകയാണ്. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് കര്‍ഷകരുടെ പരാതി. കാലവര്‍ഷം ആരംഭിക്കുമ്പോഴാണ് കവുങ്ങുകളില്‍ രോഗം ബാധിക്കുന്നത്.
ഇക്കാലയളവില്‍ രോഗം നിയന്ത്രിക്കുക പ്രയാസകരമാണ്. കാറ്റിലൂടെയാണ് രോഗവ്യാപനം. ഇതു തടയാന്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം കവുങ്ങിന്റെ എല്ലാ ഭാഗങ്ങളും നനയുംവിധം പശ കൂട്ടിച്ചേര്‍ത്ത് ഒന്നരമാസത്തെ ഇടവേളകളില്‍ തളിക്കണം. എന്നാല്‍, തൊഴിലാളികളെ കിട്ടാത്തതിനാല്‍ ഇതു നടപ്പാക്കാന്‍ കഴിയുന്നില്ല. ഒരുതവണ മരുന്ന് തളിച്ചാല്‍ 40 ദിവസത്തിനകം തുരിശും കുമ്മായവും ചേര്‍ത്തുള്ള ലായനി കവുങ്ങില്‍ തളിക്കണം. മരുന്നു പിടിക്കാന്‍ ഒരു ദിവസമെടുക്കും.
മഴ പെയ്യാതെ ആറു മണിക്കൂര്‍ വെയില്‍ ലഭിക്കുകയും വേണം. കഴിഞ്ഞവര്‍ഷം നിര്‍ത്താതെ മഴ പെയ്തതു കാരണം ഭൂരിഭാഗം കര്‍ഷകര്‍ക്കും നഷ്ടം നേരിട്ടിരുന്നു. മഹാളിരോഗം പിടിപെട്ട് അടക്ക, പൈങ്ങ എന്നിവ പാകമെത്തുന്നതിനു മുമ്പായി കൊഴിഞ്ഞുതീരുകയാണ്.
ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി മഹാളിരോഗം വ്യാപകമാണ്. കവുങ്ങ് കൃഷിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 50 ശതമാനം കുറവുണ്ടായി. കൂമ്പ് ചീഞ്ഞ് കവുങ്ങുകള്‍ കൂട്ടത്തോടെ നശിച്ചു. ചിലയിടങ്ങളില്‍ തോട്ടങ്ങള്‍ മുഴുവനായും ഇല്ലാതായി. രോഗംബാധിച്ച കവുങ്ങ് മുറിച്ചുമാറ്റിയാലും രക്ഷയില്ല. മഞ്ഞളിപ്പ് ബാധിച്ച കവുങ്ങുകളാണ് ജില്ലയില്‍ കാണാന്‍ കഴിയുക. ഇവയും നാശത്തിന്റെ പാതയിലാണ്.
രാസവള ഡിപ്പോകളില്‍ പ്രതിരോധമരുന്ന് ലഭിക്കുമെങ്കിലും ഇതു കവുങ്ങിനെ പെട്ടെന്നു നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
തുരിശും കുമ്മായവും ചേര്‍ത്തുള്ള ലായനിയാണ് ഭൂരിഭാഗം കര്‍ഷകരും പ്രയോഗിക്കുന്നത്. കവുങ്ങ് കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന ആവശ്യത്തിനു നേരെയും സര്‍ക്കാര്‍ കണ്ണടക്കുകയാണ്.

Latest