മീന്‍വല്ലം ജലവൈദ്യുതി പദ്ധതി പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്നു

Posted on: August 27, 2014 12:11 pm | Last updated: August 27, 2014 at 12:11 pm

road keralaമണ്ണാര്‍ക്കാട്: ജില്ലാപഞ്ചായത്തിന്റെ മീന്‍വല്ലം ജലവൈദ്യുതിപദ്ധതി പ്രദേശത്തേക്കുള്ള റോഡുകള്‍ കനത്തമഴയില്‍ തകര്‍ന്നു.
ഓണത്തോടനുബന്ധിച്ച് വൈദ്യുതോത്പാദന ഉദ്ഘാടനം നിര്‍വഹിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയപ്പോഴാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴ റോഡുകള്‍ തകര്‍ത്തത്. തുപ്പനാട്മീന്‍വല്ലം റോഡിന്റെ പല’ാഗത്തും വെള്ളം കയറുകയും റോഡ് ഇടിഞ്ഞുപോകുകയും ചെയ്തു. മലയില്‍നിന്ന് കുത്തിയൊലിച്ചുവരുന്ന വെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നതും വെള്ളമിറങ്ങി മെറ്റലും ടാറുമിളകി കുഴികളാകുന്നതും കാരണമാണ് റോഡുകള്‍ തകരുന്നത്.
മരുതുംകാട്, ചെമ്പന്‍തിട്ട, പാറല്‍, മൂന്നേക്കര്‍, കൂമങ്കുണ്ട്, മീന്‍വല്ലം തുടങ്ങിയ പ്രദേശങ്ങളിലാണ് റോഡ് ഏറെയും തകര്‍ന്നത്. ശക്തമായി മഴവെള്ളം കുത്തിയൊലിച്ച് കുണ്ടും കുഴിയും ആയിരിക്കുകയാണ്. കുഴികള്‍നിറഞ്ഞ റോഡിലൂടെ ജീപ്പുകള്‍ക്കുപോലും സര്‍വീസ് നടത്താന്‍പറ്റാത്ത സ്ഥിതിയാണ്.
ഉദ്ഘാടനത്തിനുമുമ്പ്, ഒമ്പത് കിലോമീറ്റര്‍ വരുന്ന തുപ്പനാട്മീന്‍വല്ലം റോഡ് റിപ്പയര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയാലേ വാഹനങ്ങള്‍ പദ്ധതിപ്രദേശത്ത് എത്തുകയുള്ളൂ. വെള്ളം കുത്തിയൊലിച്ച റോഡുകളിലെ മണ്ണും വെള്ളവും നാട്ടുകാരാണ് ചാലുകീറി തുറന്നുവിടുന്നതും കല്ലുകള്‍വിരിച്ച് കുഴികള്‍ മൂടുന്നതും.തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട അവസ്ഥയിലാണ് അധികൃതര്‍.