എയ്ഡഡ് വിദ്യാലയങ്ങളുടെ നിലവാരം പരിശോധിക്കാന്‍ സമിതി

Posted on: August 27, 2014 12:05 pm | Last updated: August 27, 2014 at 12:05 pm

schoolമലപ്പുറം: ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ ഭൗതിക-പഠന നിലവാരം പരിശോധിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതിയ സമിതി രൂപവത്കരിക്കാന്‍ ജില്ലാപഞ്ചായത്ത് യോഗ തീരുമാനം. എയ്ഡഡ് വിദ്യാലങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ സംബന്ധിച്ച പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനയും നടത്തും. മൂത്രപ്പുരകള്‍, കുടിവെള്ള സൗകര്യം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക. എല്ലാവര്‍ക്കും നാലാം ക്ലാസ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രാഥമിക തുല്യതാപരീക്ഷ ജില്ലയില്‍ വിപുലമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന ഈ-ടെന്‍ഡര്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട് നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപയുടെ മുകളിലുള്ള പ്രവൃത്തികള്‍ക്കാണ് സര്‍ക്കാര്‍ ഇ-ടെന്‍ഡര്‍ നടപ്പാക്കിയത്. ജില്ലയിലെ രണ്ട് പദ്ധതികള്‍ ഇ-ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചു.
തിരൂര്‍ ജില്ലാ ആശുപത്രിയുടെ ആറ് നില ബ്ലോക്കില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കലും അനുബന്ധപ്രവര്‍ത്തനം നടത്തുന്നതിനുമുള്ള ടെന്‍ഡറും താനൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആയുര്‍വേദ ആശുപത്രിക്ക് കെട്ടിട നിര്‍മിക്കുന്ന പദ്ധതിയുടേയും ടെന്‍ഡറുകളാണ് ക്ഷണിച്ചത്. ഈ രണ്ട് പ്രവൃത്തികളുടേയും അടങ്കല്‍ തുക അഞ്ച് ലക്ഷത്തിന് മുകളിലാണ്. 2013-14 വര്‍ഷത്തെ ഐ.എ വൈ ഭവന നിര്‍മാണ പദ്ധതിയുടെ അവസാനഘട്ട പ്രവര്‍ത്തനത്തിന് 16 കോടി രൂപ ജില്ലക്ക് ലഭിച്ചതായി പ്രസിഡന്റ് പറഞ്ഞു. പൊതു വിഭാഗത്തിന് 7.82 കോടിയും പട്ടിക വിഭാഗത്തിന് 6.36 കോടിയുമാണ് അനുവദിച്ചത്. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകള്‍ തുക കൈപ്പറ്റുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച സ്പില്ല് ഓവര്‍ വര്‍ക്കുകളുടെ ബില്ല് സമര്‍പ്പിക്കണം.
2014-15 വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കേണ്ട് വര്‍ക്കുകുളുടെ എസ്റ്റിമേറ്റുകള്‍ പുതുക്കി സെപ്തംബര്‍ 16 ഉള്ളില്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം അടുത്തമാസം ഒന്നിന് കോട്ടക്കല്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉമര്‍ അറക്കല്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം നടപ്പിലാക്കുന്ന കര്‍മ്മ പരിപാടികളുടെ കലണ്ടറിനും ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. ജില്ലാ തല ഫാക്കല്‍റ്റി ഗ്രൂപ്പ് രൂപവത്കരണം, ബി ആര്‍ സി തലത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണ ക്ലാസ്, കേരള പിറവി ദിനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും എന്നിവര്‍ ചേര്‍ന്ന് വിദ്യാലയത്തിന്റെ പരിസരത്തെ കടകളില്‍ ലഹരി വില്‍പന നടത്തുന്നുണ്ടോ എന്ന് പരിശോധിക്കല്‍, ക്രിസ്മസ് അവധിയില്‍ ബോധവത്കരണ കലാട്രൂപ്പിന് പരിശീലനം എന്നിവ നടക്കും. സ്‌കൂളുകളില്‍ ശേഖരിച്ച കിഡ്‌നി ഫണ്ട് വകുപ്പു തല മേധാവികള്‍ വഴി ജില്ലാ പഞ്ചായത്തിന് കൈമാറാനു നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സജീവമായി പ്രവര്‍ത്തിക്കുന്ന ഡെ കെയര്‍ സെന്ററുകള്‍ക്ക് വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിന് നടപടി ആയതായി സലീം കുരുവമ്പലം അറിയിച്ചു. 12 വാഹനങ്ങളാണ് വിതരണം ചെയ്യുന്നത്. അതുല്ല്യ, പ്രതീക്ഷ പദ്ധതികളുടെ വ്യത്യസ്ത പരിപാടികളും ജില്ലയില്‍ അരങ്ങേറും.
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ അക്ഷര ഭവനം പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, സ്ഥിരം സമിതി അംഗങ്ങളായ സക്കീന പുല്‍പ്പാടന്‍, കെ പി ജല്‍സീമിയ, ടി വനജ ടീച്ചര്‍, സുധാകരന്‍, ഉമര്‍ അറക്കല്‍, സലീം കുരുവമ്പലം, കെ എം ഗഫൂര്‍, വെട്ടം ആലിക്കോയ സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു.