Connect with us

Kozhikode

ജമാലുദ്ദീന്റെ മരണം: ക്രൈം ബ്രാഞ്ച് അന്വേഷിക്കണം- ബന്ധുക്കള്‍

Published

|

Last Updated

കോഴിക്കോട്: സ്ഫൂര്‍ത്തി ഫിനാന്‍സ് കമ്പനി കൊയിലാണ്ടി ബ്രാഞ്ച് മാനേജര്‍ കര്‍ണാടക അന്തസത്ത സ്വദേശി ജമാലുദ്ദീന്റെ ദുരൂഹ മരണം കൊലപാതകമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മരണം കൊലപാതകമാണെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും എന്നാല്‍ ഇത് ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മെയ് 25 നാണ് ജമാലുദ്ദീനെ കൊയിലാണ്ടിയിലെ കമ്പനി വക വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഫൂര്‍ത്തി ഫിനാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനവും മരണം ആത്മഹത്യയാക്കാന്‍ കാണിച്ച ഉത്സാഹവും ദുരൂഹമാണ്.
മൈക്രോ ഫിനാന്‍സിന്റെ മറവില്‍ 26 ശതമാനം കൊള്ളപ്പലിശ ഈടാക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനവും നിയമസാധ്യതയും അന്വേഷിക്കണം. മൃതദേഹം തൂങ്ങിക്കിടന്നിരുന്ന തുണിയും മുറിയിലും പരിസരത്തും കണ്ട മുളകുപൊടിയും ദുരൂഹത വ്യക്തമാക്കുന്നുണ്ട്.
തൂങ്ങിമരണത്തിന്റെ ഒരു ലക്ഷണവും മൃതദേഹത്തില്‍ കാണുന്നില്ലെന്ന് മാത്രമല്ല കാലുകള്‍ കൃത്യമായി തറയിലൂന്നിയാണ് കാണപ്പെട്ടത്.
ആത്മഹത്യക്കുള്ള സാധ്യതകള്‍ സ്ഥാപിച്ചെടുക്കുന്നതിന് സ്ഫൂര്‍ത്തി ഫിനാന്‍സ് കമ്പനി ജീവനക്കാരെകൊണ്ട് കള്ളമൊഴി നല്‍കിപ്പിക്കുകയായിരുന്നു. പോലീസ് പരിശോധിച്ച ടെലിഫോണ്‍ രേഖയില്‍ അസ്വാഭാവിക കോളുകള്‍ കണ്ടെത്തിയെങ്കിലും അവ അന്വേഷണവിധേയമാക്കിയില്ലെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ രമേശ് നന്മണ്ട, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, ജമാലുദ്ദീന്റെ പിതാവ് ബദറുദ്ദീന്‍, മാതാവ് റാബിഅ, ഭാര്യ സുഹ്‌റ സംബന്ധിച്ചു.

Latest