Connect with us

National

മുസാഫര്‍ നഗര്‍ പ്രതിയായ എം എല്‍ എക്ക് ഇസഡ് കാറ്റഗറി സുരക്ഷ; കേന്ദ്രം വിവാദത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേരെ നടന്ന സംഘടിത ആക്രമണത്തില്‍ പ്രതിയായ ബി ജെ പി. എം എല്‍ എ. സംഗീത് സോമിന് കേന്ദ്രം ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നത് വന്‍ വിവാദമാകുന്നു. ഇതിനെതിരെ അതിശക്തമായ ആക്രമണം നടത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍, കേന്ദ്ര സര്‍ക്കാര്‍ ഇതുവഴി നല്‍കുന്നത് കൊല്ലാനുള്ള ലൈസന്‍സാണെന്നും ഇരകളോടുള്ള ക്രൂരമായ തമാശയാണെന്നും തുറന്നടിച്ചു.
ഉത്തര്‍പ്രദേശിലെ സര്‍ദനയില്‍ നിന്നുള്ള എം എല്‍ എയാണ് സംഗീത് സോം. തീവ്രവാദികളില്‍ നിന്നുള്ള വധ ഭീഷണി നേരിടുന്ന വ്യക്തിയാണെന്ന് ന്യായം പറഞ്ഞാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇദ്ദേഹത്തിന് സി ആര്‍ പി എഫ് ഉദ്യോഗസ്ഥരടങ്ങുന്ന ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുന്നത്. സോമിനുള്ള സുരക്ഷാ കാറ്റഗറി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് തങ്ങള്‍ക്ക് കത്ത് ലഭിച്ചതായി ഉത്തര്‍പ്രദേശ് ഐ ജി. അമരേന്ദര്‍ സിംഗ് സെന്‍ഗര്‍ പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട ഏജന്‍സിക്ക് ഈ കത്ത് കൈമാറിയിരുന്നതായും ഐ ജി ചൂണ്ടിക്കാട്ടി.
സോമിന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം ബോധിപ്പിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ സമ്മതം മൂളിയത്.
കോണ്‍ഗ്രസ് ഈ നടപടിയെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത് വളരെ മോശമായ കാര്യമാണ്. സര്‍ക്കാര്‍ വളരെ വിചിത്രമായാണ് പെരുമാറുന്നത്. മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകള്‍ തൂണുകളുടെ മറവില്‍ നിന്ന് മറ്റു തൂണുകളുടെ മറവുകളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ കലാപത്തില്‍ കുറ്റാരോപിതരായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്ന തിരിക്കിലാണ്. ഇത് വലിയ വൈരുധ്യമാണ്. വലിയ നാശനഷ്ടങ്ങള്‍ നേരിട്ടവരോടും വീടുകള്‍ അഗ്നിക്കിരയായവരോടും ചെയ്യുന്ന അതിക്രൂരമായ തമാശയാണ് ഈ നടപടിയെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.
മറ്റൊരു കോണ്‍ഗ്രസ് നേതാവ് റാശിദ് ആല്‍വിയും കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. കലാപത്തിലെ ഇരകള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ കലാപത്തിന് കൂട്ട് നിന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സോമിന് നല്‍കിയിരിക്കുന്ന സുരക്ഷ വെറുമൊരു സുരക്ഷയല്ലെന്നും മറിച്ച് നിരപരാധികളെ കൊല്ലാനും സംസ്ഥാനത്തെ രണ്ട് സാമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ആളിക്കത്തിക്കാനും ഉള്ള ലൈസന്‍സാണ് ഇതെന്നും ജെ ഡി യു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി ഓര്‍മിപ്പിച്ചു. പാര്‍ട്ടി ഈ നടപടിയെ ശക്തമായി വിമര്‍ശിക്കുകയാണ്. ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കിയിരിക്കുന്നത് എത്രയും പെട്ടെന്ന് പിന്‍വലിക്കണം. സംഘര്‍ഷം സൃഷ്ടിക്കുന്ന ജനങ്ങള്‍ക്ക് ഇത് പ്രോത്സാഹനം നല്‍കും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം ജനിപ്പിക്കുമെന്നും പ്രസ്താവനയില്‍ ത്യാഗി കൂട്ടിച്ചേര്‍ത്തു.
ബി ജെ പി പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്. ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പ്രസംഗിച്ചത് സാമുദായിക കലാപങ്ങള്‍ തടയുമെന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗീയതക്ക് കൂട്ടുനിന്ന ഒരു വില്ലന് സുരക്ഷ ഒരുക്കുകയും ചെയ്യുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തി.
അതേസമയം നടപടിയെ ന്യായീകരിച്ച് ബി ജെ പിയും രംഗത്തെത്തി. രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ നേരത്തെ തന്നെ നല്‍കുന്നുണ്ടെന്ന് ബി ജെ പി വക്താവ് സംബീത് പത്ര പറഞ്ഞു. ജീവന്‍ അപകടത്തിലായ ഒരു വ്യക്തിക്ക് ഇത്തരം സുരക്ഷ നല്‍കല്‍ സര്‍ക്കാറിന്റെ കടമയാണെന്ന് ബി ജെ പി വക്താവ് ഷാനവാസ് ഹുസൈനും ന്യായീകരിച്ചു.
ബി ജെ പിയുടെ പുതിയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

 

Latest