Connect with us

Wayanad

'ബേങ്കുകളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കണം'

Published

|

Last Updated

കല്‍പ്പറ്റ: ബേങ്കുകള്‍ നടത്തുന്ന പകല്‍ കൊള്ളക്കെതിരെ ഉപഭോക്താക്കള്‍ സംഘടിക്കണമെന്ന് ബാങ്ക് ആന്റ് ഫിനാന്‍സ് അക്കൗണ്ട് ഹോള്‍ഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ടി. അജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവ പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് കൈകൊള്ളുന്നത്. കൂടുതല്‍ പലിശ ഈടാക്കിയും, സേവനങ്ങള്‍ക്ക് പലവിധത്തില്‍ ചാര്‍ജ് വാങ്ങിയുമാണ് ഇവരുടെ പകല്‍ക്കൊള്ള. എസ്.എം.എസ് അലര്‍ട്ടിന് ആര്‍.ബി.ഐ നിയമപ്രകാരവും ട്രായിയുടെ ഉത്തരവ് പ്രകാരവും അഞ്ച് പൈസയാണ് ഒരു എസ്.എം.എസിന് ഈടാക്കേണ്ടത്. എന്നാല്‍, 60 രൂപ മുതല്‍ 500 രൂപവരെ പല ബാങ്കുകളും എസ.എം.എസ് ചാര്‍ജായി ഈടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പല ബാങ്കുകളും ഈടാക്കുന്നത് വന്‍തുകയാണ്. 11200 ശതമാനം മുതല്‍ 33600 ശതമാനം വരെയാണ് വിവിധ ബാങ്കുകള്‍ മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്. 10 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് തിരിച്ചടവ് മുടങ്ങിയാല്‍ ആര്‍.ബി.ഐയുടെ നിയമമനുസരിച്ച് സിവില്‍കോര്‍ട്ട് വഴി അയാളുടെ സ്വത്തുവകകള്‍ കണ്ടെത്താന്‍ സാധിക്കു. എന്നാല്‍, പല ബാങ്കുകളും നേരിട്ട് ജപ്തി നടപടികളിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഉപഭോക്താവിനോട് തന്‍പോരിമ കാണിക്കുമ്പോള്‍ നടപടിയെടുക്കേണ്ട ആര്‍.ബി.ഐയും കേന്ദ്ര ധനമന്ത്രാലയവും മൗനം പാലിക്കുകയാണെന്നും അജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരത്തിലുള്ള ബാങ്കുകളുടെ പകല്‍കൊള്ളക്കെതിരെ മുഴുവന്‍ ഉപഭോക്താക്കളും ഒന്നിച്ചണിനിരക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അസോസിയേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. രവീന്ദ്രകുമാര്‍, ഡോ. ബെഞ്ചമിന്‍ ഈശോ, ഫ്രാന്‍സിസ് പുന്നോളില്‍, പി.എ ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.

Latest