കാലവര്‍ഷം;സഹായത്തിന് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും

Posted on: August 27, 2014 1:08 am | Last updated: August 27, 2014 at 1:08 am

തിരുവനന്തപുരം: ശക്തമായ കാലവര്‍ഷത്താല്‍ വ്യാപകമായ ആള്‍നാശവും കൃഷി നാശവും ഉണ്ടായത് കണക്കിലെടുത്ത് കേന്ദ്ര സഹായം അഭ്യര്‍ഥിച്ചു കൊണ്ട് മെമ്മോറാണ്ടം നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 150 കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അന്തിമമായ കണക്ക് ലഭിച്ചതിനുശേഷമാകും നിവേദനം നല്‍കുക. 122 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. എണ്ണായിരത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 12,500 ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 100 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കൂടുതല്‍ നാശനഷ്ടം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. നിലവില്‍ സംസ്ഥാനത്ത് 60 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മഴക്കാല തയാറെടുപ്പുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ മെയ് മാസത്തില്‍ തന്നെ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കുകയും കാലവര്‍ഷം നേരിടുന്നതിന് 178 കോടി രൂപ ജില്ലകള്‍ക്ക് മുന്‍കൂര്‍ അനുവദിക്കുകയും ചെയ്തിരുന്നു. ജില്ലകളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ആഗസ്റ്റ് ആദ്യ വാരം കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് മൂന്ന് ടീം കേന്ദ്ര ദുരന്ത നിവാരണ സേനയെ കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് വിന്യസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇടുക്കിയിലും കോഴിക്കോട്ടും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ അനുഭവത്തില്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയതിനാല്‍ ദുരന്ത ആഘാതം കുറക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.