Connect with us

Ongoing News

ലീഗ് പ്രമേയം തള്ളി പിണറായി

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തികനയത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒന്നാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്ന മുസ്‌ലിം ലീഗിന്റെ ദേശീയ രാഷ്ട്രീയ പ്രമേയം കാലികമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി പി എമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും അന്ധമായ കോണ്‍ഗ്രസ് വിരോധം വെടിഞ്ഞ് മതേതര ഐക്യപാതയിലെത്തണമെന്ന ലീഗിന്റെ പ്രമേയം യാഥാര്‍ഥ്യ ബോധമുള്ളതല്ല. അന്ധമായ വിരോധമല്ല നയങ്ങളുടെയും ഭരണനടപടികളുടെയും അടിസ്ഥാനത്തിലുള്ള വിയോജിപ്പും എതിര്‍പ്പുമാണ് സി പി എമ്മിനെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വിജയവും നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണവും രാജ്യത്തിന് ആപത്താണ്. പക്ഷെ കോണ്‍ഗ്രസ് നയിച്ച യു പി എ ഭരണത്തിന്റെ ജനവിരുദ്ധവും ദേശദ്രോഹപരവുമായ നടപടികളാണ് നരേന്ദ്രമോദിക്ക് അധികാരത്തിന്റെ വഴി തുറന്നുകൊടുത്തത്. വന്‍കിട കോര്‍പറേറ്റുകളെയും വിദേശമൂലധനശക്തികളെയും പ്രീണിപ്പിക്കാനുള്ള നടപടികളിലാണ്. മോഡി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളെ പാര്‍ലമെന്റില്‍ ഫലത്തില്‍ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
കോണ്‍ഗ്രസ് സഹകരണത്തോടെയുള്ള മതനിരപേക്ഷകക്ഷികളുടെ ഐക്യപ്പെടല്‍ എന്ന ലീഗിന്റെ ആശയം ജനങ്ങളുടെ ക്ഷേമവും നാടിന്റെ പുരോഗതിയും ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല. ഇന്ന് ഭൂരിപക്ഷ വര്‍ഗീയതയുടേതായ ആര്‍ എസ് എസ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന ബി ജെ പി നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണനയത്തെയും വര്‍ഗീയക്കുഴപ്പം സൃഷ്ടിക്കുന്ന നടപടികളെയും ശക്തമായി ചെറുക്കാന്‍ കൂടുതല്‍ ജാഗ്രതയോടെ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കും. ബി ജെ പിയും കോണ്‍ഗ്രസും പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ക്ക് സമഗ്രമായ ബദല്‍ സമീപനം മുന്നോട്ടുവച്ചും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചും ജനങ്ങളെ അണിനിരത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.