Connect with us

Ongoing News

മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കാനറിയില്ല: കെ ബാബു

Published

|

Last Updated

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കാന്‍ തനിക്ക് അറിയില്ലെന്നും പുതിയ മദ്യനയം നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടുന്നത് സംബന്ധിച്ച് മാത്രമെ അസ്വസ്ഥതയുള്ളൂവെന്നും എക്‌സൈസ് മന്ത്രി കെ ബാബു. ഓരോരുത്തര്‍ക്കും ഓരോ ശരീര ഭാഷയുണ്ട്. ഞാന്‍ ഒരു സാധാരണക്കാരന്‍ മാത്രമാണ്. ഒരു തെങ്ങിലെ എല്ലാ തേങ്ങയും ഒരു പോലെ ആകില്ലെന്നത് പോലെ എല്ലാവര്‍ക്കും ഒരു പോലെ ആകാന്‍ കഴിയില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്‌സൈസ് മന്ത്രി ശരീരഭാഷയില്‍ പോലും അസ്വസ്ഥത പ്രകടിപ്പിക്കുകയാണെന്ന വി എം സുധീരന്റെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനഃസംഘടന നടന്നപ്പോഴെല്ലാം എക്‌സൈസ് വകുപ്പില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. പകരം വകുപ്പ് വേണ്ടെന്നും പറഞ്ഞു. എക്‌സൈസ് ഇല്ലെങ്കിലും തനിക്ക് ഭരിക്കാന്‍ മികച്ച വകുപ്പുകളുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണവും വിഴിഞ്ഞം പദ്ധതിയുടെ നടപടിക്രമങ്ങളും ഇതിന് ഉദാഹരണമാണ്. പുതിയ മദ്യനയം നടപ്പാക്കുന്നത് ഒരു വെല്ലുവിളിയാണ്. ഇതില്‍ പ്രായോഗിക, സാമ്പത്തിക, മാനുഷിക പ്രശ്‌നങ്ങളെല്ലാമുണ്ട്. ഇത് നടപ്പാക്കുകയെന്ന ഉത്തരവാദിത്വമുള്ളത് കൊണ്ടുള്ള അസ്വസ്ഥത മാത്രമാണ് പ്രകടിപ്പിക്കുന്നത്. കെ പി സി സി പ്രസിഡന്റാണോ അഡ്വക്കറ്റ് ജനറലാണോ എക്‌സൈസ് മന്ത്രിക്ക് വലുതെന്ന ടി എന്‍ പ്രതാപന്റെ ചോദ്യത്തിന് പ്രസക്തിയില്ല. പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാവ് സുധീരനാണ്. നിയമപരമായി സര്‍ക്കാറിന് മുന്നിലുള്ള വലിയ ഭരണഘടനാസ്ഥാപനം അഡ്വക്കറ്റ് ജനറലും. ഇതില്‍ ആരാണ് വലുതെന്ന ചോദ്യത്തില്‍ കാര്യമില്ല. പ്രതാപനെ പോലെ വലിയ അറിവുള്ള ആളുകള്‍ക്ക് ഇതൊന്നും അറിയാത്തതല്ല. മദ്യനിരോധം നടപ്പാക്കുന്നതോടെ വരുന്ന സാമ്പത്തിക പ്രതിന്ധി മറികടക്കാന്‍ ധനമന്ത്രി തന്നെ പണം കണ്ടെത്തും. സാമ്പത്തിക പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും ബാബു പറഞ്ഞു.