സമസ്ത മലപ്പുറം എസ് പി ഓഫീസ് മാര്‍ച്ച് നാളെ

Posted on: August 27, 2014 12:50 am | Last updated: August 28, 2014 at 12:33 am

മലപ്പുറം: സുന്നിപ്രവര്‍ത്തകരോടുള്ള പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ സമസ്തയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന മലപ്പുറം എസ് പി ഓഫീസ് മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണി നിരക്കും. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി സുന്നി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി യഥാര്‍ഥ പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്ന പോലീസിന്റെ ഏകപക്ഷീയ നിലപാടിനെതിരെയാണ് സുന്നി സംഘ കുടുംബത്തിന്റെ പ്രതിഷേധം.
നിരപരാധികളുടെ പേരിലെടുത്ത കള്ളക്കേസ് പിന്‍വലിക്കുക, അക്രമികള്‍ക്കെതിരായുള്ള കേസുകളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുക, തച്ചണ്ണ മഹല്ല് സെക്രട്ടറിയുടെ വീടാക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, വ്യാജരേഖ ചമച്ച് സ്ഥാപനങ്ങള്‍ തട്ടിയെടുക്കുന്നതില്‍ നിന്ന് സ്ഥാപനങ്ങള്‍ക്കും ഭാരവാഹികള്‍ക്കും സംരക്ഷണം നല്‍കുക, ഏകപക്ഷീയ നിലപാടുകളില്‍ നിന്ന് പോലീസും ഭരണാധികാരികളും പിന്തിരിയുക എന്നീ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ത്തും. സംഘടനാ സങ്കുചിതത്വത്തിന്റെ പേരില്‍ സമസ്തയേയും അതിന്റെ ബഹുമുഖ സംരംഭങ്ങളേയും തടയാനും തകര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് ഇ കെ വിഭാഗം നടത്തി വരുന്നത്. കൂരിയാടും കാസര്‍കോട്ടും നടന്ന അവരുടെ സംസ്ഥാന സമ്മേളനങ്ങളിലും പട്ടിക്കാട്ടും ചെമ്മാട്ടും നടന്ന അവരുടെ സ്ഥാപന പൊതുയോഗങ്ങളിലും സുന്നി പ്രസ്ഥാനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചു വിടാനും സ്ഥാപന- മഹല്ല് കമ്മിറ്റികളില്‍ നിന്ന് സുന്നി പ്രവര്‍ത്തകരെ പുറത്താക്കി സ്ഥാപനങ്ങള്‍ പിടിച്ചടക്കാനും പരസ്യ ആഹ്വാനമാണ് നല്‍കിയിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും സ്ഥാപന കൈയേറ്റങ്ങളും നടക്കുന്നത്. കൊലപാതകങ്ങളും, മദ്‌റസയും വിശുദ്ധ ഖുര്‍ആനും അഗ്‌നിക്കിരയാക്കുന്നതും തെരുവ് ഗുണ്ടകളെ പോലെ പള്ളികളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതുമായ സാഹചര്യവും പലയിടത്തുമുണ്ടായി. തുടരെ അക്രമം അഴിച്ച് വിട്ട് സമൂഹത്തെയും മഹല്ലുകളെയും രണ്ട് തട്ടിലാക്കി ഇ കെ വിഭാഗം തനിനിറം കാണിക്കുമ്പോഴും പോലീസും ഭരണകൂടവും ഇവര്‍ക്ക് ഒത്താശ പാടുകയാണ് ചെയ്യുന്നത്.
മലപ്പുറം ജില്ലയില്‍ വ്യാപകമായ അക്രമങ്ങളും നീതിനിഷേധങ്ങളുമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തച്ചണ്ണ, വറ്റല്ലൂര്‍, താനൂര്‍, പള്ളിക്കല്‍ബസാര്‍, പൂക്കിപ്പറമ്പ്, പരുത്തിക്കാട് മഹല്ലുകളില്‍ വ്യാജരേഖകള്‍ ചമച്ച് സ്ഥാപനങ്ങള്‍ തട്ടിയെടുത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ട് കള്ളക്കേസുകളില്‍ പെടുത്തി സുന്നി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനാണ് ശ്രമം. അക്രമങ്ങളും അനീതികളും നടക്കുമ്പോള്‍ ഭരണാധികാരികളോടും പോലീസിനോടും പരാതിപ്പെട്ടിട്ട് യാതൊരു ഫലവുമുണ്ടാകുന്നില്ല.
അക്രമികള്‍ക്കും നിയമം കൈയിലെടുത്ത് സമൂഹത്തില്‍ അശാന്തി വിതക്കുന്നവര്‍ക്കും സഹായകമായ നിലപാടാണ് പോലീസും ഭരണാധികാരികളും കൈക്കൊള്ളുന്നത്. സമസ്തയുടെയും പോഷക സംഘടനകളുടെയും പൊതു സമൂഹത്തിലെ സ്വീകാര്യതയും വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മുന്നേറ്റവുമാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. സുന്നികളെ വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്തണമെന്ന് പരസ്യമായി പ്രസംഗിച്ച് അണികളെ ഇളക്കി വിട്ട നേതാവിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും സുന്നി സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇത്തരത്തില്‍ നീതിനിഷേധവും ഏകപക്ഷീയമായ നിലപാടുകളും തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ സമസ്ത നിര്‍ബന്ധിതരായത്.
നാളെ രാവിലെ 10 മണിക്ക് മലപ്പുറം കോട്ടപ്പടി കിഴക്കേതലയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് നഗരം ചുറ്റി എസ് പി ഓഫീസിന് മുന്നില്‍ സമാപിക്കും. മാര്‍ച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ഖലീലുല്‍ ബുഖാരി, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ് സംബന്ധിക്കും.