ചേളാരി സമസ്ത നേതാവ് സ്‌കൂളില്‍ എത്താതെ സര്‍ക്കാര്‍ ശമ്പളം പറ്റുന്നു

Posted on: August 26, 2014 11:07 am | Last updated: August 27, 2014 at 12:43 am

abdussamad pookkotturകോഴിക്കോട്: ചേളാരി സമസ്ത യുവജന വിഭാഗം നേതാവ് സര്‍ക്കാറിനെ കബളിപ്പിച്ച് ശമ്പളം പറ്റുന്നു. പൂക്കോട്ടൂര്‍ എ യു പി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്‌കൂളില്‍ എത്താതെ ഹാജര്‍ പട്ടികയില്‍ ഒപ്പുവെച്ച് ശമ്പളം പറ്റുന്നതായാണ് പരാതി. സംഘടനാ പരിപാടികളില്‍ പങ്കെടുത്ത ദിവസങ്ങളില്‍ പോലും ഇത്തരത്തില്‍ രജിസ്റ്ററില്‍ ഒപ്പ്‌വെച്ച് ശമ്പളം കൈപ്പറ്റിയിട്ടുണ്ട്. വിദേശത്ത് പരിപാടിയില്‍ പങ്കെടുത്ത ദിവസവും റജിസ്റ്ററില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിനെതിരെ ഏറെ നാളായി സ്‌കൂള്‍ മാനേജര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുന്നുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. സര്‍ക്കാറിനെതിരെ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിച്ച ദിവസങ്ങളിലും ഇദ്ദേഹത്തിന്റെ ഒപ്പ് രജിസ്റ്ററിലുണ്ട്, ശമ്പളവും കൈപ്പറ്റിയിട്ടുണ്ട്.

Complait Pookottoor
മാനേജര്‍ വിജിലന്‍സിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്

സ്‌കൂളില്‍ ഹാജരാകാതെ കള്ള ഒപ്പിട്ട് ശമ്പളം പറ്റുന്നതിനെതിരെ മാനേജര്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ഇന്ന്് സിറ്റിംഗ് നടക്കും. ഇതിന് മുമ്പ് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഭരണ മുന്നണിയിലെ ഒരു വിഭാഗം ഇദ്ദേഹത്തെ വഴിവിട്ടു സഹായിക്കുന്നു എന്നാണ് ആക്ഷേപം. 2003 ല്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം നിരവധി തവണ ഇത്തരത്തില്‍ സര്‍ക്കാറിനെ കബളിപ്പിച്ച് ശമ്പളം കൈപ്പറ്റിയിട്ടുണ്ട്. വിദേശത്തേക്ക് പോയ ദിവസം പോലും രജിസ്റ്ററില്‍ ഒപ്പ്‌വെച്ചിട്ടുണ്ടെന്നും ചിലരുടെ സ്വാധീനത്തിലാണ് ഇയാള്‍ പിടിച്ചു നില്‍ക്കുന്നതെന്നും സ്‌കൂള്‍ മാനേജര്‍ അബൂബക്കര്‍ ഹാജി സിറാജിനോട് പറഞ്ഞു. ഓരോ ദിവസത്തെ ഹാജറിനെപ്പറ്റിയും പ്രത്യേകമായി വിജിലന്‍സ് അന്വേഷിക്കണമെന്നും കള്ളത്തരം പുറത്തുകൊണ്ടു വരണമെന്നും മാനേജര്‍ പറഞ്ഞു. പരാതി നല്‍കിയതിന് ശേഷം അധ്യാപക സംഘടനാ പരിപാടികളില്‍ പങ്കെടുത്തതായും മറ്റും കാണിച്ച് വ്യാജ രേഖകളുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
സ്‌കൂള്‍ രജിസ്റ്ററില്‍ വ്യാപകമായ തിരുത്തലുകള്‍ വരുത്തിയതായും ആദ്യം ഒപ്പിടാതെ മാറ്റിവെച്ചിരുന്ന ദിവസങ്ങളില്‍ പിന്നീട് ഒപ്പിട്ടതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.