Connect with us

Wayanad

സമഗ്ര വികസനത്തിന് സംയോജിത വികസന പദ്ധതികള്‍ അനിവാര്യം: ഐ സി ബാലകൃഷ്ണന്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിന് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സംയുക്ത പദ്ധതികള്‍ നടപ്പാക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് കിലയുടെ സഹകരണത്തോടെ തയ്യാറാക്കിയ പരിപ്രേക്ഷ്യാരേഖാ പ്രകാശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വന്തമായി നടപ്പാക്കുന്ന പദ്ധതികള്‍ ജില്ലയുടെ മൊത്തം വികസനത്തിന് സംഭാവനകള്‍ നല്‍കുന്നില്ല. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപീകരണവേളയില്‍ ഈ രേഖകള്‍ അടിസ്ഥാനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നീ വിഭാഗക്കാര്‍ക്കായി തയ്യാറാക്കിയ അഞ്ച് സമഗ്ര പദ്ധതി രേഖകളാണ് പ്രകാശനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍, ജില്ലാ പോലീസ് ചീഫ് പുട്ട വിമലാദിത്യ, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി പി ആലി എന്നിവര്‍ വിവിധ പദ്ധതി രേഖകള്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ അനില്‍കുമാര്‍, എം ജി ബിജു, എ എസ് വിജയ, വത്സാചാക്കോ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം. മുഹമ്മദ് ബഷിര, ഉഷാവിജയന്‍, മേരി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, കില അസിസ്റ്റന്റ് പ്രൊഫസര്‍ ജെ ബി രാജന്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest