ബദായൂന്‍ കൂട്ടക്കൊല: സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചില്ല

Posted on: August 26, 2014 12:22 am | Last updated: August 26, 2014 at 12:22 am

cbi..ന്യൂഡല്‍ഹി: ബദായൂന്‍ കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെ കുറ്റപത്രം സമര്‍പ്പിച്ചില്ല. കേസന്വേഷിച്ച സി ബി ഐ, പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ ഇവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. പപ്പു, അവധേഷ്, ഉര്‍വേഷ് യാദവ്, പോലീസ് കോണ്‍സ്റ്റബിള്‍മാരായ ഛത്രപാല്‍ യാദവ്, സര്‍വേഷ് യാദവ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.
അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തിനകം പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അവര്‍ ജാമ്യത്തിന് അര്‍ഹരാണെന്നാണ് ചട്ടം. ഈ മാസം 28ന് 90 ദിവസം പൂര്‍ത്തിയാകും.
കൊലപാതകത്തിന് ഇരകളായ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിരുന്നില്ലെന്ന് ഡി എന്‍ എ, വിരലടയാളം, ഡയഗ്‌നോസ്റ്റിക്‌സ് പരിശോധനകളില്‍ നിന്ന് വ്യക്തമായിരുന്നു. ഹൈദരാബാദിലുള്ള സര്‍ക്കാര്‍ ലാബിലായിരുന്നു പരിശോധന. പെണ്‍കുട്ടികള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് കൊലപാതകത്തിന് ഇരകളായതെന്ന ബന്ധുക്കളുടെ ആശങ്ക വളരെയേറെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലാബിലെ പരിശോധനാ ഫലം നിര്‍ണായകമായ വിവരങ്ങളാണ് കേസിനെ സംബന്ധിച്ച് പുറത്തുവിട്ടതെന്നും സി ബി ഐ അധികൃതര്‍ പറയുന്നു. അതേസമയം കൊലപാതകം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. കൊലപാതകം സംബന്ധിച്ച നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ മൂന്നംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
മെയ് അവസാനമാണ് ഉത്തര്‍പ്രദേശിലെ ബദായൂന്‍ ജില്ലയിലെ കത്ര ഗ്രാമത്തില്‍ 14ഉം, 15ഉം വയസ്സുള്ള രണ്ട് സഹോദരിമാരുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സംസ്ഥാനത്ത് ക്രമസമാധാനം വരെ തകരുന്ന വിധത്തിലേക്ക് സംഭവം ആളിപ്പടര്‍ന്നത് ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു.