Connect with us

Editorial

പാറമടകളുടെ ദൂരപരിധി കുറക്കുമ്പോള്‍

Published

|

Last Updated

ജനവാസകേന്ദ്രങ്ങളിലെ പാറമടകളുടെ ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചിരിക്കയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദൂരപരിധിയുടെ പേരില്‍ പാറമടകള്‍ പൂട്ടിയത് നിര്‍മാണമേഖല യിലുണ്ടാക്കിയ സ്തംഭനം ഒഴിവാക്കനാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ദൂരപരിധി കുറക്കുന്നതിന് ക്വാറി ഉടമകള്‍ സര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി വരികയായിരുന്നു. നിയമപ്രകാരമുള്ള ദൂരപരിധിയില്ലാത്തതിന്റെ പേരില്‍ നിരവധി പാറമടകളുടെ അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ പാറമടകള്‍ക്കും പ്രവര്‍ത്തനാനുമതി ലഭ്യമാകും.
നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതാണ് ക്വാറികളുടെ പ്രവര്‍ത്തനം. ജനവാസ കേന്ദ്രങ്ങളിലെ പാറമടകള്‍ മനുഷ്യ ജീവന് പോലും ഭീഷണി ഉയര്‍ത്താറുണ്ട്. പാറമടകളില്‍ നിന്ന് കല്‍ച്ചീളുകള്‍ തെറിച്ചു വീണ് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത സംഭവങ്ങള്‍ ധാരാളം. പൊടിപടലങ്ങള്‍ ശ്വസിച്ചു സമീപവാസികള്‍ക്ക് മാരകരോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്. മടകളില്‍ നിന്ന് കല്ലുകളുമായി ചീറിപ്പായുന്ന ലോറികള്‍ ഉയര്‍ത്തുന്ന ഭീഷണി വേറെയും. ഇത്തരം പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ജനവാസ കേന്ദ്രങ്ങളുടെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കരുതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2001 ല്‍ ഉത്തരവിറക്കിയത്. ഈ ദൂരപരിധി പകുതിയായി വെട്ടിക്കുറക്കുന്ന സര്‍ക്കാര്‍ തീരുമാനം സമാധാനപരമായി ജീവിക്കാനും ശ്വസിക്കാനുമുള്ള അവകാശത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
സമീപത്തെ ഉറവകള്‍ക്കും ഭൂമിക്കും നാശമുണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി, സ്‌ഫോടനങ്ങളെ സംബന്ധിച്ച ശാസ്ത്രീയ പഠനം കഴിഞ്ഞ ബ്ലാസ്റ്റ്മാന്റെ കീഴില്‍ മാത്രമേ പാറ പൊട്ടിക്കലുകള്‍ നടത്താവൂ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ബ്ലാസ്റ്റ്മാന്‍ ലൈസെന്‍സ്, പരിസര പ്രദേശങ്ങളില്‍ മലിനീകരണം സൃഷ്ടിക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പൊല്യൂഷന്‍ കണ്‍ട്രാള്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, എല്ലാ വിധ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളും ഒരുക്കിയെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സമ്പാദിച്ച ശേഷമേ പാറമടകള്‍ പ്രവര്‍ത്തിക്കാവൂ എന്നാണ് നിയമം. ഇവയെല്ലാം അവഗണിച്ചാണ് നിലവില്‍ തന്നെ പല കരിങ്കല്‍ മടകളും പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപത്തു പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പോലുമുണ്ട് പലയിടങ്ങളിലും. വനമേഖലയില്‍ സര്‍ക്കാര്‍ ഭൂമികള്‍ കൈയേറിയും പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരന്തരം വാഹനങ്ങള്‍ ഓടുന്ന റോഡുകള്‍ക്ക് സമീപം വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഖനനം നടത്തുന്ന മടകളും ദൃശ്യമാണ്. ക്വാറിമാഫിയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ബലത്തിലാണ് സമീപവാസികളുടെ പ്രതിഷേധം അവഗണിച്ചു ഇത്തരം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
നിയമക്കുരുക്കുകളുടെ പേരില്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍മാണ മേഖലകളും സ്തംഭിക്കുമ്പോള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു ഇടപെടലുകള്‍ ആവശ്യമാണ്. എന്നാല്‍ ഇപ്പേരില്‍ ചട്ടങ്ങളില്‍ വരുത്തുന്ന ഇളവുകള്‍ ജനജീവിതത്തിന് ഭീഷണിയാകില്ലെന്നും പരിസ്ഥിതിക്കു വന്‍തോതില്‍ ആഘാതം സൃഷ്ടിക്കില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രകൃതിയുടെ നാശത്തിന് വഴിവെക്കുന്ന ഇടപെടലുകളരുത്. മനുഷ്യ സമൂഹം അതിജീവനത്തിനുള്ള ഊര്‍ജം വലിച്ചെടുക്കുന്നത് പ്രകൃതിയി ല്‍ നിന്നാണ്. മനുഷ്യജീവനും പരിസ്ഥിതി സംരക്ഷണത്തിനും പുല്ലുവില പോലും കല്‍പ്പിക്കാത്തവരാണ് പല കരിങ്കല്‍ ക്വാറി ഉടമകളും. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരില്‍ ക്വാറികള്‍ക്ക് എതിരെ പ്രതിഷേധ സമരം നടത്തിയവരെ ഗൂണ്ടകളെ ഉപയോഗിച്ചു നേരിട്ട അനുഭവം വരെ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഇവരുടെ ഭീഷണിക്കെതിരെ നിയമപാലകരില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കില്ല. നിയമപാലകരില്‍ പലരും മാഫിയകളുടെ സ്വാധീനത്തിലാണ്. പുതിയ ഉത്തരവിനെ തുടര്‍ന്ന് ദൂരപരിധിയുടെ പേരില്‍ പൂട്ടിയ കരിങ്കല്‍ മടകള്‍ തുറക്കുകയും പുതിയ മടകള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ ആശങ്കകളകറ്റാനുള്ള ബാധ്യത കൂടി സര്‍ക്കാറിനുണ്ട്. കോടതി നിര്‍ദേശങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിധേയമായിട്ടായിരിക്കണം മടകള്‍ക്ക് അനുമതി പുനഃസ്ഥാപിച്ചു നല്‍കേണ്ടതെന്ന് പുതിയ ഉത്തരവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നുണ്ടെങ്കിലും അത് പാലക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ കാര്യക്ഷമമായ തുടര്‍നടപടികള്‍ കൂടി ഉണ്ടാകേണ്ടതാണ്.